പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൊച്ചിയില്‍ ആവേശകരമായ വരവേല്‍പ്. മെഗാ റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുത്തു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൊച്ചിയില്‍ ആവേശകരമായ വരവേല്‍പ്.  കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, മന്ത്രി പി രാജീവ് തുടങ്ങിയ പ്രമുഖര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ കൊച്ചി നാവിക വിമാനത്താവളത്തിൽ സ്വീകരിച്ചു. തുടർന്ന് വെണ്ടുരുത്തി പാലത്തിന് സമീപത്ത് നിന്നുമാരംഭിച്ച് തേവര സേക്രഡ് ഹാർട്ട്  കോളേജ് വരെ നീണ്ട മെഗാ റോഡ് ഷോയിൽ അദ്ദേഹം പങ്കെടുത്തു.

കൊച്ചിയിലെ റോഡിലൂടെ നടന്ന് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിയെ ഒരു നോക്കു കാണാനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് റോഡിന് ഇരുവശവും നിലയുറപ്പിച്ചത്.  യുവജന സംഗമമായ യുവം-2023 നെ പ്രധാനമന്ത്രി തേവരയില്‍ അഭിസംബോധന ചെയ്തു. 

യുവശക്തിയുടെ നാടാണ് ഇന്ത്യയെന്നും, ലോകത്തെ മാറ്റിമറിയ്ക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി അതിവേഗം വളരുന്ന സാമ്പത്തികശക്തിയായി ഇന്ത്യ മാറിയതായും ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം കേരളത്തിലെ ചെറുപ്പക്കാരുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പറഞ്ഞു.

Post a Comment

Previous Post Next Post