കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ മഹത്തായ പാരമ്പര്യത്തിന് ഉദാഹരണമാണ് കുടുംബശ്രീയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു.

രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണെന്ന് രാഷ്‌ട്രപതി  ദ്രൗപദി മുർമു. തിരുവനന്തപുരത്ത് പൗരസ്വീകരണ ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. സമൂഹത്തിൽ സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യം സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് കാരണമാകുമെന്ന് ശ്രീമതി  ദ്രൗപദി മുർമു പറഞ്ഞു.

കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളിലും രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുത്തു. കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ മഹത്തായ പാരമ്പര്യത്തിന് ഉത്തമ ഉദാഹരണമാണ് കുടുംബശ്രീയെന്ന് രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു.  ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായി ‘കുടുംബശ്രീ’ മാറിയതായും രാഷ്‌ട്രപതി പറഞ്ഞു.

പട്ടികജാതി - പട്ടികവർഗക്കാരുടെ ക്ഷേമത്തിന് സംസ്ഥാനം നൽകുന്ന മുൻഗണനയിൽ ശ്രീമതി ദ്രൗപദി മുര്‍മു അതിയായ സന്തോഷം രേഖപ്പെടുത്തി.അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന 'രചന'യുടെ ഉദ്ഘാടനവും പട്ടിവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള ഉന്നതി പദ്ധതിയുടെ ഉദ്ഘാടനവും രാഷ്ട്രപതി നിർവഹിച്ചു.

കേരള സാങ്കേതിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍ ശ്രീമതി ദ്രൗപദി മുര്‍മു  പ്രകാശനം ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ എ.എൻ.ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രിമാരായ എം.ബി.രാജേഷ്, കെ.രാധാകൃഷ്ണൻ, ചീഫ് സെക്രട്ടറി വി.പി.ജോയ്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവരും കുടുംബശ്രീയുട‌െ 25-ാം വാര്‍ഷികാഘോഷ ചടങ്ങിൽ പങ്കെടുത്തു. 

Post a Comment

Previous Post Next Post