പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; 17 സിറ്റിങ്ങുകളുള്ള സമ്മേളനം ഈ മാസം 29 വരെ.


പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കമാകും.  സമ്മേളനം ഈ മാസം 29 വരെ തുടരും. 23 ദിവസങ്ങളിലായി 17 സിറ്റിങ്ങുകളാണ് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ഉണ്ടാവുക.  16 പുതിയ ബില്ലുകളടക്കം 25 ബില്ലുകള്‍ അവതരിപ്പിക്കും. നിയമനിർമ്മാണത്തിലും  മറ്റ് വിഷയങ്ങളിലും ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

ഉപരാഷ്ട്രപതി ആയ ശേഷം ജഗ്ദീപ് ധൻകർ രാജ്യസഭാ നടപടികൾ നിയന്ത്രിക്കുന്ന ആദ്യ സെഷനാണിത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സർവകക്ഷിയോഗം ചേർന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, പ്രഹ്ലാദ് ജോഷി, പാർലമെന്ററി കാര്യ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ, വി മുരളീധരൻ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

പ്രതിപക്ഷത്തുനിന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, ഡിഎംകെ നേതാക്കളായ ടി ആർ ബാലു, തിരുച്ചി ശിവ, ടിഎംസി നേതാക്കളായ ഡെറിക് ഒബ്രിയാൻ, സുദീപ് ബന്ദ്യോപാധ്യായ, സിപിഐ നേതാവ് ബിനോയ് വിശ്വം തുടങ്ങിയ   നേതാക്കളും യോഗത്തില്‍  പങ്കെടുത്തു.  അധ്യക്ഷൻ അനുവദിക്കുന്ന ഏത് വിഷയവും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.


Post a Comment

Previous Post Next Post