വാർത്തകൾ ഒറ്റനോട്ടത്തിൽ


◾പൊടിപച്ചരിയുടെ കയറ്റുമതി നിരോധിച്ചു. ബസുമതി ഒഴികെയുള്ള അരിക്ക് 20 ശതമാനം കയറ്റുമതി ചുങ്കം ഏര്‍പ്പെടുത്തി. വിലക്കയറ്റവും ഭക്ഷ്യക്ഷാമവും നേരിടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ബംഗ്ലാദേശ് ഇറക്കുമതി ചുങ്കം  വെട്ടിക്കുറച്ചതോടെ ഇന്ത്യയില്‍ അരി വില അഞ്ചു ശതമാനം വര്‍ധിച്ചിരുന്നു. ഈ വര്‍ഷം അരി ഉത്പാദനം കുറയുമെന്നാണു റിപ്പോര്‍ട്ട്. യുക്രൈന്‍ - റഷ്യ യുദ്ധമുണ്ടാക്കുന്ന ക്ഷാമവും നേരിടാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടികള്‍. ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതി നേരത്തെത്തന്നെ നിരോധിച്ചിരുന്നു.  


◾ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കേന്ദ്രം നല്‍കിയ ഹര്‍ജിയില്‍ ബഫര്‍സോണ്‍ വിധി പുനപരിശോധിക്കണമെന്ന് oആവശ്യപ്പെട്ടിട്ടില്ല. വിധിയില്‍ വ്യക്തത വരുത്തണമെന്നു മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍സോണായി നിലനിര്‍ത്തണമെന്ന ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജി നല്‍കിയെന്നാണു കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രചരിപ്പിച്ചിരുന്നത്.


◾കേരളത്തിലെ തെരുവ് നായ പ്രശ്‌നം ഗുരുതരമാണെന്നും ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഈ മാസം 28ന് ഇടക്കാല ഉത്തരവ് ഇറക്കുമെന്നും കോടതി വ്യക്തമാക്കി. പേവിഷ വാക്‌സീന്റെ ഫലം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലയാളിയായ സാബു സ്റ്റീഫനാണു ഹര്‍ജി നല്‍കിയത്.


◾രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തില്‍ പ്രവേശിക്കും. ഇന്നു രാവിലെ നാഗര്‍കോവിലില്‍ നിന്ന് പുളിയൂര്‍കുറിച്ചി ദൈവസഹായംപിള്ള ദേവാലയം വരെയാണ് ആദ്യഘട്ട യാത്ര. വൈകുന്നേരം മുളകുമൂടില്‍ ഇന്നത്തെ യാത്ര അവസാനിക്കും. രാഹുല്‍ ഗാന്ധി ഉള്‍പ്പടെ യാത്രാ അംഗങ്ങള്‍ 60 കണ്ടെയ്‌നര്‍ ലോറികളിലാണ് അന്തിയുറങ്ങുന്നത്. ഭക്ഷണം വഴിയോരത്തെ ചെറുകിട ഹോട്ടലുകളില്‍ നിന്നാണ്.


◾മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യു.പി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് ജാമ്യം അനുവദിച്ചത്. ആറാഴ്ച സിദ്ദിഖ് കാപ്പന്‍ ഡല്‍ഹി വിട്ടുപോകരുതെന്നാണ് നിര്‍ദ്ദേശം. കേരളത്തില്‍ എത്തിയാല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. ലഘുലേഖകള്‍ അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണ്, അവ എങ്ങനെയാണ് അപകടകരമാകുന്നതെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, ജയില്‍മോചിതനാകാന്‍ ഇ.ഡി.യുടെ കേസിലും ജാമ്യം ലഭിക്കണം.


◾തമിഴ്‌നാട് ദിണ്ടിഗല്‍ പന്നൈപട്ടിയില്‍ കാറും ബസും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം ചാല സ്വദേശി അശോകന്‍, ഭാര്യ ശൈലജ, ഒരു വയസുള്ള പേരമകന്‍ ആരവ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍പ്പെട്ടത് തിരുവനന്തപുരം സ്വദേശികളായ തീര്‍ത്ഥാടക സംഘമാണ്. പഴനിയില്‍ നിന്ന് മധുരയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം നടന്നത്.


◾ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയില്‍. പകല്‍ മുഴുവന്‍ പിണറായി വിജയന്‍ ചെന്നൈയില്‍ തങ്ങും.


◾കടലില്‍ മത്സ്യത്തൊഴിലാളിക്കു വെടിയേറ്റ സംഭവത്തില്‍ പോലീസ്, ബാലിസ്റ്റിക് വിദഗ്ധനെ നാവികസേനയുടെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ കൊണ്ടുപോയി പരിശോധിപ്പിക്കും. ഫയറിംങ് പരിശിലനം നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടു. പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടേയും വെടിയുണ്ടകളുടെയും വിശദാംശങ്ങളും തേടിയിട്ടുണ്ട്. പൊലീസ് രണ്ടുതവണ നാവികപരിശിലന കേന്ദ്രത്തില്‍ പരിശോധന നടത്തി. തങ്ങളുടെ വെടിയുണ്ടയല്ലെന്നാണ് നാവികസേനയുടെ വാദം.


◾ഇടമലയാര്‍ ഡാമിന്റെ രണ്ടു ഗേറ്റുകള്‍ തുറന്നു. രാവിലെ പതിനൊന്നോടെ അര മീറ്ററാണ് തുറന്നത്. വൈകുന്നേരം ആകുമ്പോഴേക്കും ഒന്നേകാല്‍ മീറ്റര്‍വരെ ഉയര്‍ത്തും. 75 ഘനമീറ്റര്‍ മുതല്‍ 125 ഘനമീറ്റര്‍ വരെ വെള്ളം സെക്കന്‍ഡില്‍ ഒഴുക്കിവിടും. നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍.


◾ഓണത്തിനു മദ്യക്കച്ചവടത്തില്‍ റിക്കാര്‍ഡിട്ട് നാലു മദ്യശാലകള്‍. ഉത്രാട ദിനത്തില്‍ ഏറ്റവും അധികം മദ്യം വിറ്റത് കൊല്ലത്തെ ആശ്രമത്തെ മദ്യശാലയിലാണ്. 106 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ വിറ്റത് 102 കോടി രൂപയുടേയും ഇരിങ്ങാലക്കുടയില്‍ 101 കോടി രൂപയുടേയും മദ്യം വിറ്റു. ചേര്‍ത്തല കോര്‍ട്ട് ജംഗഷനിലെ ഔട്ട്‌ലെറ്റില്‍ വിറ്റത് 100 കോടിയുടെ മദ്യമാണ്.


◾എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


◾സംസ്ഥാനത്തെ വിജിലന്‍സ് കോടതികളില്‍ പ്രോസിക്യൂട്ടര്‍മാര്‍ ഇല്ലാത്തതുമൂലം അഴിമതിക്കേസുകള്‍ കെട്ടികിടക്കുന്നു. എട്ടു കോടതികളിലായി മൂന്നു പ്രോസിക്യൂട്ടര്‍മാരാണുള്ളത്. ആറു വിജിലന്‍സ് കോടതികളില്‍ വിചാരണ പൂര്‍ത്തിയാകാനുള്ളത് 1415 കേസുകള്‍.


◾തൃശ്ശൂര്‍ വലപ്പാട് കോതകുളത്ത് ചീട്ടുകളി സംഘം നാലര ലക്ഷം രൂപയുമായി പൊലീസിന്റെ പിടിയിലായി. മീനകുമാര്‍ എന്നയാളുടെ വീട്ടിലായിരുന്നു ചീട്ടുകളി. കഴിമ്പ്രം, നാട്ടിക സ്വദേശികളായ സുനില്‍കുമാര്‍, സുരേന്ദ്രന്‍, അനില്‍കുമാര്‍, നിഷാദ്, രാമചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്.


◾ആലപ്പുഴ തുമ്പോളിയില്‍ നവജാത ശിശുവിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച മാതാവിനെ പൊലീസ് തിരിച്ചറിഞ്ഞു. പ്രസവിച്ചശേഷം കുഞ്ഞിനെ തുമ്പോളിക്കു സമീപത്തെ പൊന്തക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രസവത്തെ തുടര്‍ന്നുള്ള അമിത രക്തസ്രവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലാണ് വേഗത്തില്‍ കണ്ടെത്താനായത്. യുവതി ഗര്‍ഭിണിയായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ഭര്‍ത്താവും മാതാവും പറയുന്നത്.


◾ഡ്യൂട്ടി സമയത്ത് ഓണാഘോഷം അരുതെന്നു നിര്‍ദേശിച്ചതിന് ഓണസദ്യ മാലിന്യ കുപ്പയില്‍ എറിഞ്ഞ ശുചീകരണ തൊഴിലാളികള്‍ക്കെതിരേ നടപടിയെടുത്ത തിരുവനന്തപുരം നഗരസഭാ മേയറുടെ നടപടിക്കെതിരെ പ്രതിഷേധം. നടപടി പിന്‍വലിക്കണമെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും ആവശ്യപ്പെട്ടു.


◾തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളില്‍ മിന്നല്‍ ചുഴലി. മരങ്ങള്‍ കടപുഴകിവീണു. ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. വന്‍തോതില്‍ നാശനഷ്ടമുണ്ടായി.


◾എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചനവുമായി ലോകനേതാക്കള്‍. രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചകള്‍ അവിസ്മരണീയമായിരുന്നു. അവരുടെ വിവാഹത്തിന് മഹാത്മാഗാന്ധി സമ്മാനിച്ച തൂവാല എന്നെ കാണിച്ചു.' - മോദി ട്വിറ്ററില്‍ കുറിച്ചു.


◾അച്ഛന് കരള്‍ പകുത്തു നല്‍കാന്‍ അനുവാദം തേടി ഉത്തര്‍ പ്രദേശിലെ പതിനേഴുകാരന്‍ സുപ്രീംകോടതിയില്‍. വിഷയത്തില്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടിസ് അയച്ചു. കേസ് പരിഗണിക്കുന്ന തിങ്കളാഴ്ച കോടതിയില്‍ ഹാജരാകാന്‍ ഉത്തര്‍പ്രദേശിലെ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


◾വിവാഹ ബന്ധത്തിലെ ബലാല്‍സംഗം കുറ്റകരമാണോയെന്ന് ഈ മാസം 19ന് വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി. വിവാഹബന്ധത്തിലെ ബലാല്‍സംഗം കുറ്റകരമല്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഇളവിനെതിരായ ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി സുപ്രീം കോടതിക്ക് വിട്ടിരുന്നു. വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലെ രണ്ട് ജഡ്ജിമാര്‍ വ്യത്യസ്ത വിധികള്‍ നല്‍കിയ സാഹചര്യത്തിലാണ് സുപ്രീംകോടതിക്കു വിട്ടത്.


◾കോയമ്പത്തൂരില്‍ കാര്‍ കിണറ്റിലേക്കു മറിഞ്ഞ് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ കോയമ്പത്തൂര്‍ തന്നമനലൂരിലാണ് സംഭവം. കോയമ്പത്തൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഗോവയില്‍നിന്ന് മടങ്ങി വരുന്നതിനിടയിലാണ് കാര്‍ നിയന്ത്രണംവിട്ട് ഗേറ്റ് തകര്‍ത്ത് കിണറ്റിലേക്കു വീണത്.


◾ഐഫോണ്‍ 14 സീരീസിലെ പുതിയ മോഡലുകള്‍ ആപ്പിള്‍ ലോഞ്ച് ചെയ്തു. ഐഫോണ്‍ 14, ഐഫോണ്‍14 പ്‌ളസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. ഡബിള്‍ പഞ്ച്‌ഹോള്‍ ഡിസ്പ്‌ളേ ആണ് പുതിയ ഐഫോണുകളില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും, മുന്‍ മോഡലുകളിലെ നോച്ച്, ഐഫോണ്‍ 14, ഐഫോണ്‍14 പ്‌ളസ് മോഡലുകളിലും ആപ്പിള്‍ ഒഴിവാക്കിയിട്ടില്ല. 1200 മാക്‌സിമം നിറ്റ്‌സ് ബ്രൈറ്റ്‌നസിലെ ഒ.എല്‍.ഇ.ഡി ഡിസ്പ്‌ളേയോടെയാണ് ഐഫോണ്‍ 14 അവതരിപ്പിച്ചത്. കൂടാതെ ഡോല്‍ബി വിഷന്‍ സൗകര്യവുമുണ്ട്. A15 ബയേണിക് ചിപ്പാണ് ഐഫോണ്‍ 14നും 14 പ്‌ളസിനും കരുത്തേകുന്നത്. സ്‌പേയ്‌സ് ബ്‌ളാക്ക്, സില്‍വര്‍, ഗോള്‍ഡ്, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് 14 പ്രോ, പ്രോ മാക്‌സ് മോഡലുകള്‍ ലഭ്യമാകുന്നത്. ഇന്ത്യന്‍ യൂണിറ്റുകളുടെ വില നിലവില്‍ ആപ്പിള്‍ പുറത്തുവിട്ടില്ല.


◾യൂട്യൂബ്, ഫെയ്‌സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യങ്ങളിലെ വ്‌ലോഗര്‍മാര്‍ക്കായി കേന്ദ്രം ഉടന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പെയ്ഡ് പ്രമോഷനുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ബ്ലോഗര്‍മാരും മറ്റു ഇൻഫ്ലുവന്‍സര്‍മാരും ബ്രാന്‍ഡുകളുമായി സഹകരിച്ച് പണം വാങ്ങി ചെയ്യുന്ന സമൂഹ മാധ്യമങ്ങളിലെ പ്രമോഷനുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. യുട്യൂബ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വലിയ ഫോളോവേഴ്സുള്ള ബ്ലോഗര്‍മാര്‍ വിവിധ ബ്രാന്‍ഡുകളില്‍ നിന്ന് പണം സ്വീകരിച്ച് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്ത 15 ദിവസത്തിനകം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നേക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ വലിയ പിഴ നല്‍കേണ്ടിവന്നേക്കാം. ആദ്യത്തെ ലംഘനത്തിന് പത്ത് ലക്ഷം രൂപയും ആവര്‍ത്തിച്ചാല്‍ 20 ലക്ഷവും പതിവായി തെറ്റ് ചെയ്താല്‍ 50 ലക്ഷം വരെയുമാകും പിഴ.

◾അനൂപ് മേനോനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'വരാൽ'ന്റെ ടീസര്‍ പുറത്തെത്തി. അനൂപ് മേനോന്‍ തന്നെ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസറിന് വോയ്‌സ് ഓവര്‍ നല്‍കിയിരിക്കുന്നത് പൃഥ്വിരാജ് ആണ്. പ്രകാശ് രാജും സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അന്‍പതോളം താരങ്ങള്‍ അണിനിരക്കുന്നുണ്ട്.  നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രണ്‍ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍,  സായ്കുമാര്‍, മേഘനാഥന്‍, ഇര്‍ഷാദ്, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മന്‍രാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, ജയകൃഷ്ണന്‍, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാല പാര്‍വ്വതി എന്നിവര്‍ക്കൊപ്പം മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനായ കെ ലാല്‍ജിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◾തമിഴില്‍ പുഷ്‌കര്‍ - ഗായത്രി ദമ്പതിമാര്‍ സംവിധാനവും തിരക്കഥയുമെഴുതിയ 'വിക്രം വേദ' ഹിന്ദിയിലേക്കും എത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മാധവനും വിജയ് സേതുപതിയുമായിരുന്നു തമിഴകത്ത് 'വിക്രമും' 'വേദ'യുമായി എത്തിയത്. ഹിന്ദിയില്‍ 'വിക്രമും' 'വേദ'യുമായി എത്തുന്നത് സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. ഹിന്ദിയിലും ഒരു വേറിട്ട സിനിമകാഴ്ച ആയിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ തരുന്നത്. ഹിന്ദിയില്‍ തിരക്കഥ എഴുതിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. രാധിക ആപ്‌തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  സെപ്റ്റംബര്‍ 30 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.

◾വെന്യൂ സബ്കോംപാക്റ്റ് എസ്.യു.വി.യുടെ സ്പോര്‍ട്ടിയര്‍ പതിപ്പായ  വെന്യു എന്‍ ലൈന്‍ ഒടുവില്‍ ഇന്ത്യയില്‍ ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ  ഹ്യുണ്ടായ് അവതരിപ്പിച്ചു. മോഡല്‍ ലൈനപ്പ് എന്‍6, എന്‍8 എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ വരുന്നു. ഇവയ്ക്ക് യഥാക്രമം 12.16 ലക്ഷം രൂപയും 13.15 ലക്ഷം രൂപയുമാണ് വില. എല്ലാ വിലകളും ഡല്‍ഹി എക്‌സ്-ഷോറൂം ആണ്. വര്‍ണ്ണ ഓപ്ഷനുകള്‍ വെന്യു എന്‍-ലൈന്‍ 3 ഡ്യുവല്‍-ടോണ്‍ (തണ്ടര്‍ ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ് പോളാര്‍ വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ്, ഷാഡോ ഗ്രേ വിത്ത് ബ്ലാക്ക് റൂഫ്) കൂടാതെ 2 മോണോടോണ്‍ (പോളാര്‍ വൈറ്റ്, ഷാഡോ ഗ്രേ) കളര്‍ സ്‌കീമുകളിലും ലഭ്യമാണ്.

Post a Comment

Previous Post Next Post