ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസില്‍ നാലുവയസ്സുകാരിയായ മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ സ്വകാര്യ നഴ്‌സറി സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവ്. ഖത്തര്‍ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിട്ടത്. സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അല്‍വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി1 വിദ്യാര്‍ഥിനിയായ മിന്‍സ മറിയം ജേക്കബ് സ്‌കൂള്‍ ബസിലിരുന്ന് ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്.
സെപ്റ്റംബര്‍ 11ന് മിന്‍സയുടെ നാലാം പിറന്നാള്‍ദിനത്തിലായിരുന്നു ദാരുണമായ സംഭവം. ബസില്‍ ഇരുന്ന് ഉറങ്ങിപ്പോയ മിന്‍സയെ ശ്രദ്ധിക്കാതെ കുട്ടികളെല്ലാം ഇറങ്ങിയെന്ന് കരുതി ജീവനക്കാര്‍ ബസ് പൂട്ടി പോവുകയായിരുന്നു. പിന്നീട് ജീവനക്കാര്‍ മടങ്ങിയെത്തിപ്പോള്‍ കുട്ടി ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസിനുള്ളിലെ കനത്ത ചൂടും വായുസഞ്ചാരം കുറഞ്ഞതുമാണ് മരണത്തിനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. രണ്ട് ദിവസം നീണ്ട പരിശോധനകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിന്‍സ.
Post a Comment