ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപ്പുഴ- രാമൻപുഴ സംരക്ഷണ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി നവകേരളമിഷന്റെ സംസ്ഥാനതല സംഘം സന്ദർശനം പൂർത്തിയാക്കി. മഞ്ഞപ്പുഴ ഒഴുകുന്ന കോട്ടൂർ, നടുവണ്ണൂർ, ഉള്ള്യേരി, പനങ്ങാട്, ബാലുശ്ശേരി പഞ്ചായത്തുകളിലാണ് സംഘം സന്ദർശനം നടത്തിയത്.
മഞ്ഞപ്പുഴയുടെ മുഴുവനായ ടൂറിസം സാധ്യതകളെ കണ്ടെത്തുക, പുഴയുടെ ജനകീയ പ്രശ്നങ്ങൾ മനസിലാക്കുക , മത്സ്യബന്ധത്തിന്റെ വിപുലീകരണം, ഉൾനാടൻ മത്സ്യബന്ധനം, പുഴ സംരക്ഷണത്തിന് ജനകീയ ക്യാമ്പയിനുകൾ നടത്തുക, ഫണ്ടുകൾ ഏകോപിപ്പിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക തുടങ്ങി മഞ്ഞപ്പുഴയുടെ സമഗ്രവും മാതൃകാപരവുമായ പ്രവർത്തി നടപ്പിലാക്കുന്നതിനായി ഡ്രാഫ്റ്റ് പദ്ധതി തയ്യാറാക്കുവാൻ സംസ്ഥാന ടീമിന് കെ.എം സച്ചിൻ ദേവ് എം.എൽ.എ നിർദേശം നൽകി.
സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാസ്റ്റർ പ്ലാനിന് അന്തിമ രൂപം നൽകുക. പുഴയോരം സംരക്ഷണം, നെൽകൃഷി വികസനം, മത്സ്യകൃഷി പ്രോത്സാഹനം, കാട്ടാംവള്ളി ടൂറിസം വികസനം, മറ്റ് ഗ്രാമീണ ടൂറിസം തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുക.
തദ്ദേശ സ്വയംഭരണം, ജലസേചനം, ജല-മണ്ണ് സംരക്ഷണം, ടൂറിസം, ഫിഷറീസ്, കൃഷി, ക്ഷീര-മൃഗസംരക്ഷണ വകുപ്പുകളെ കൂട്ടിയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
നവകേരള മിഷൻ കൺസൾട്ടന്റുമാരായ അബ്രഹാം കോശി , ടി.പി.സുധാകരൻ, ടെക്നിക്കൽ ഓഫീസർമാരായ രാജേന്ദ്രൻ നായർ, സതീശ് ആർ.വി, നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ പി. പ്രകാശ്, റിസോഴ്സ് പേഴ്സൺമാരായ കൃഷ്ണപ്രിയ. എം.പി., രാജേഷ് എ, ജസ്ലിൻ പി.കെ. എന്നിവരാണ് സംഘത്തിലുള്ളത്.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പി ദാമോദരൻ മാസ്റ്റർ, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എച്ച് സുരേഷ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരും സംഘത്തിനൊപ്പം സന്ദർശനം നടത്തി.
Post a Comment