ജിദ്ദ∙ ലോകകപ്പ് സീസണിൽ 60 ദിവസം വരെ സൗദിയിൽ ചെലവഴിക്കാൻ ഹയ്യ കാർഡ് കൈവശമുള്ള എല്ലാ ഫിഫ ലോകകപ്പ് ഖത്തർ 2022 ആരാധകരെയും സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2022 നവംബർ, ഡിസംബർ മാസങ്ങളിലായി ഖത്തറിലാണു ലോകകപ്പ് നടക്കുക.
വ്യവസ്ഥകൾക്ക് അനുസൃതമായി രാജ്യത്തിലേക്കുള്ള പ്രവേശന വീസയ്ക്കുള്ള അപേക്ഷ സ്വീകരിക്കുമെന്നു സൗദി പ്രസ് ഏജൻസി നടത്തിയ പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു. ഹയ്യ കാർഡ് ഉടമകൾക്ക് വീസകൾക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്ഫോം വഴി ഇലക്ട്രോണിക് വീസ നേടിയ ശേഷം ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുൻപു രാജ്യത്തേക്കു പ്രവേശിക്കാൻ അനുമതി നൽകും . വീസ അപേക്ഷ എങ്ങനെ സമർപ്പിക്കാമെന്നും വീസ ലഭിക്കുന്നതിനുള്ള സംവിധാനവും മന്ത്രാലയം പിന്നീട് അറിയിക്കും. എൻട്രി വീസയുള്ളവർക്ക് 60 ദിവസത്തേക്കു രാജ്യത്തു താമസിക്കാം. വീസയുള്ളവർക്കു വീസയുടെ സാധുത കാലയളവിൽ നിരവധി തവണ രാജ്യത്തു പ്രവേശിക്കാനും പുറത്തുപോകാനും അനുമതിയുണ്ട്. സൗദിയിൽ എത്തുന്നതിനു മുൻപു ഖത്തറിലേക്കു മുൻകൂട്ടി പ്രവേശനം ആവശ്യമില്ല. രാജ്യത്തേക്കു വരുന്നതിനു മുൻപു മെഡിക്കൽ ഇൻഷുറൻസ് നേടണം.
ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയ ശേഷം മത്സരങ്ങളിൽ പങ്കെടുക്കാൻ ആരാധകർ നിർബന്ധമായും ഹയ്യ കാർഡിന് അപേക്ഷിക്കണം. മത്സര ദിവസങ്ങളിൽ ടിക്കറ്റ് എടുക്കുന്നവർക്കു സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ഇതു നൽകുന്നു. നവംബർ 1 നും 2023 ജനുവരി 23 നും ഇടയിൽ ലോകകപ്പ് സീസൺ സന്ദർശിക്കുന്ന എല്ലാ സന്ദർശകർക്കും ഖത്തറിലേക്കുള്ള പ്രവേശനാനുമതിയായി ഇതു പ്രവർത്തിക്കും.
Post a Comment