സ്വന്തം സ്ഥലം ഭവനരഹിതര്‍ക്ക് വീട് വെക്കാന്‍ വിട്ടുനല്‍കി പനങ്ങാട് സ്വദേശി.


സ്വന്തമായി അധ്വാനിച്ച് വാങ്ങിയ സ്ഥലത്തിന്റെ ഒരു ഭാഗം, ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് പനങ്ങാട് പഞ്ചായത്തിലെ മനോജ് കെ.ടി എന്ന ഡ്രൈവര്‍. മൂന്ന് കുടുംബങ്ങള്‍ക്കാണ് ഈ കാരുണ്യ പ്രവര്‍ത്തനം തണലേകുക. പനങ്ങാട് പഞ്ചായത്തില്‍ 12 സെന്റ് സ്ഥലമാണ് വീടുവെക്കാനായി മനോജ് വിട്ടുനല്‍കിയത്.  മനോജിന്റെ മകള്‍ ലിനു മനോജ് സമ്മത പത്രം കൈമാറി.

തൃശ്ശൂരില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മനോജ് 'ഹൃദയപൂര്‍വം നമ്മുടെ 15' എന്ന വാര്‍ഡ് തല പദ്ധതിയുടെ ഭാഗമായാണ് സ്ഥലം വിട്ട് നല്‍കാന്‍ തീരുമാനിച്ചത്. ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് അത് നല്‍കാന്‍ സാധിക്കുന്നത് വലിയ കാര്യമായി കാണുന്നുവെന്ന് മനോജ് പറഞ്ഞു. ആഗസ്റ്റ് ആദ്യവാരം രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്തും.

സ്ഥലം ലഭിച്ച ഒരാള്‍ക്ക് സ്‌പോണ്‍സര്‍ഷിപ് വഴി വീട് ലഭിക്കും. ബാക്കിയുള്ളവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ് വഴിയോ ലൈഫ് പദ്ധതി മുഖേനയോ വീട് ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്ന് വാര്‍ഡ് മെമ്പര്‍ ആര്‍.സി സിജു പറഞ്ഞു.

പതിനഞ്ചാം വാര്‍ഡായ തിരുവാഞ്ചേരിപൊയിലിലെ ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ലിസ്റ്റ് അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഗ്രാമസഭയിലാണ് സമ്മതപത്രം കൈമാറിയത്. ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post