കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വിക്രം തിയേറ്ററുകളിലെത്തി.


നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ്  സംവിധാനം ചെയ്ത ചിത്രം വിക്രം തിയേറ്ററുകളിലെത്തി. വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും കമലിനൊപ്പം സുപ്രധാന വേഷങ്ങളിലെത്തും. സൂര്യ അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. തമിഴ്നാടിന് പുറമെ കേരളം, ആന്ധ്രാ, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലെ നിരവധി തിയേറ്ററുകളിലും വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. സിനിമയുടെ ടൈറ്റില്‍ സോങ് ഇന്നലെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

എല്ലാ ഇടങ്ങളിലും മികച്ച പ്രതികരണമാണ് ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത്. 'നായകന്‍ മീണ്ടും വരാ' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ സംഗീതം അനിരുദ്ധാണ് നിര്‍വഹിച്ചിരിക്കുന്നത്. അനിരുദ്ധ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു ഏദവന്‍റെതാണ് വരികള്‍ .മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികള്‍ വിക്രമിന്‍റെ വരവിനായി കാത്തിരുന്നത്.

തന്‍റെ മുന്‍ ചിത്രമായ കൈതിയുടെ പശ്ചാത്തലത്തില്‍ നിന്നും ഉള്‍ക്കൊണ്ട പ്രമേയത്തിലാണ് വിക്രം തയാറാക്കിയിരിക്കുന്നതെന്നും എല്ലാവരും കൈതി കണ്ട ശേഷം വിക്രം കാണണമെന്നും ലോകേഷ് ആവശ്യപ്പെട്ടിരുന്നു. ഉലകനായകന്‍റെ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ സിനിമാ ലോകത്തേക്ക് എത്തിയതെന്ന് ലോകേഷ് മുന്‍പ് പറഞ്ഞിരുന്നു. തന്‍റെ പ്രിയ താരത്തിന് ആരാധകന്‍ സമ്മാനിക്കുന്ന ഒരു ഫാന്‍ ബോയ് ചിത്രമായിരിക്കും വിക്രം എന്നും ലോകേഷ് പറഞ്ഞു.

ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. ഗായത്രി ശങ്കര്‍, അര്‍ജുന്‍ ദാസ്, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു.  ലോകേഷും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ തയാറാക്കിയിക്കുന്നത്. അനിരുദ്ധിന്‍റെ സംഗീതവും അന്‍പ് അറിവിന്‍റെ ആക്ഷന്‍ രംഗങ്ങളും സിനിമയുടെ മറ്റ് ഹൈലൈറ്റുകളാണ്രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ തന്നെയാണ് വിക്രം നിര്‍മിച്ചിരിക്കുന്നത്. 

Post a Comment

Previous Post Next Post