ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി (ഇ.ഡി)ന് നൽകാനാവില്ലെന്ന് കോടതി. കേസിൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളിയത്.
രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ അപേക്ഷയിൽ വ്യാഴാഴ്ച രാവിലെ കോടതി വിശദമായ വാദം കേട്ടിരുന്നു. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മൂന്നാമതൊരാൾക്ക് രഹസ്യമൊഴിയുടെ പകർപ്പ് നൽകാനാവില്ലെന്ന കാര്യം കസ്റ്റംസ് അഭിഭാഷകൻ കോടതിയിൽ സൂചിപ്പിച്ചു. ഇതുസംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവും പരാമർശിച്ചു. തുടർന്നാണ് ഇ.ഡി.യുടെ അപേക്ഷ കോടതി തള്ളിയത്.
അതിനിടെ, സ്വപ്ന സുരേഷ്, പി.സി. ജോർജ് എന്നിവർ പ്രതികളായ ഗൂഢാലോചന കേസിൽ സരിത്തിനെ പോലീസ് ചോദ്യംചെയ്തു. കൊച്ചി പോലീസ് ക്ലബിൽ വ്യാഴാഴ്ച രാവിലെ മുതലായിരുന്നു ചോദ്യംചെയ്യൽ. മൊഴികൾ പരിശോധിച്ച ശേഷം സരിത്തിനെ കേസിൽ പ്രതിചേർക്കണമോ എന്നതിലടക്കം പോലീസ് തീരുമാനമെടുക്കും. നേരത്തെ ഇതേ കേസിൽ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി സ്വപ്ന സുരേഷും വ്യാഴാഴ്ച ഇ.ഡി.ക്ക് മുന്നിൽ ഹാജരായി.
Post a Comment