മെയ് എട്ടിന് തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി ഗോവയിൽ എത്തി എന്ന വാർത്ത വലിയതോതിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി കെ എസ് ആർ ടി സി വിജിലൻസ് വിഭാഗം അറിയിച്ചു. ബസ് കുറച്ചുദൂരം മാത്രം വഴിതെറ്റി ഓടിയെങ്കിലും പിന്നീട് തിരിച്ചുവരികയായിരുന്നു. ഗോവയിലെത്തിയന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും യാത്രക്കാർക്കിടയിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
കുന്ദാപുര നിന്ന് വലത്തേക്ക് തിരിയുന്നതിനു പകരം ഇടത്തേക്ക് തിരിഞ്ഞ് ഗോവ റൂട്ടിൽ കുറച്ചു ദൂരം ബസ് ഓടി. എന്നാൽ വഴി തെറ്റിയെന്ന് മനസിലായ ഡ്രൈവർ ബസ് തിരിച്ചുവിടുകയായിരുന്നു. വാർത്തയിൽ പറഞ്ഞതുപോലെ തിരുവനന്തപുരത്ത് നിന്ന് സ്വിഫ്റ്റ് ബസ് സർവീസ് ഇല്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ കൊട്ടാരക്കര, എറണാകുളം എന്നിവിടങ്ങളിൽനിന്ന് മാത്രമാണ് മൂകാംബികയിലേക്ക് സ്വിഫ്റ്റ് സർവീസുള്ളത്. എന്നാൽ മെയ് എട്ടിന് ഈ രണ്ടു സർവീസുകളിലും യാത്ര ചെയ്തവരെ ഫോണിൽ വിളിച്ച് നടത്തിയ അന്വേഷണത്തിൽ ബസ് വഴി തെറ്റിയില്ലെന്ന് വ്യക്തമായിട്ടുണ്ട്.
കൂടാതെ സ്വിഫ്റ്റ് ജീവനക്കാർക്ക് പരിശീലനം നൽകാൻ വേണ്ടി ബസിൽ നിയോഗിച്ച കെ എസ് ആർ ടി സി ജീവനക്കാരും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.മെയ് 9, 10, 11 തീയതികളിലെ ലോഗ് ബുക്ക് പരിശോധിച്ചതിൽ നിന്ന് ആ ദിവസങ്ങളിലും ബസ് വഴിതെറ്റി കൂടുതൽ ദൂരം ഓടിയിട്ടില്ലെന്ന് വ്യക്തമായി. എല്ലാ ദിവസങ്ങളിലും ഓടുന്ന അതേ ദൂരം മാത്രമാണ് ഈ ദിവസങ്ങളിൽ ബസ് ഓടിയത്. സ്വിഫ്റ്റ് സർവീസുകൾക്കെതിരെ നിരന്തരം വരുന്ന വാർത്തകളിൽ ഒന്നായി ഇതിനെ കണ്ടാൽ മതിയെന്നാണ് കെ എസ് ആർ ടി സി മാനേജ്മെന്റ് പറയുന്നത്.
നിലവിൽ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി മാത്രമാണ് കെഎസ്ആർടിസിക്ക് അന്തർ സംസ്ഥാന ഗതാഗത കരാറുള്ളത്. കർണാടകയിലേക്ക് മാത്രം സഞ്ചരിക്കാൻ പെർമിറ്റുള്ള ഒരു ബസ് എങ്ങനെയാണ് ഗോവ അതിർത്തി ചെക്ക്പോസ്റ്റുകൾ കടന്ന് ഒരു പരിശോധനയും കൂടാതെ ഗോവയിൽ എത്തുകയെന്നും കെഎസ്ആർടിസി അധികൃതർ ചോദിക്കുന്നു.
Post a Comment