നിപ, കോവിഡ് തുടങ്ങിയ പകര്‍ച്ച വ്യാധികളുടെ പ്രതിരോധത്തിനായി നിസ്തുല സേവനം കാഴ്ചവെച്ച ആരോഗ്യ പ്രവര്‍ത്തകരുടെ അത്യധ്വാനത്തെ അഭിനന്ദിക്കുന്നതായി ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 'നിപ: അനുഭവവും പഠനവും' എന്ന വിഷയത്തില്‍ കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കില്‍ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2018-ല്‍ സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട്ട് നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഇതിനേക്കുറിച്ച് നമുക്ക് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. പിന്നീട് 2019-ലും 2021-ലും നിപ ബാധിതരുണ്ടായെങ്കലും മികച്ച പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ വ്യാപനമില്ലാതാക്കാന്‍ നമുക്ക് കഴിഞ്ഞു.
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം മുന്‍പത്തേതു പോലെതന്നെ പൊതുജനങ്ങളും പ്രവര്‍ത്തിക്കണം. കോവിഡ് കാലത്തെ നമ്മുടെ ശീലങ്ങളായ മാസ്‌ക് ധരിക്കലും സാമൂഹികാകലം പാലിക്കലുമെല്ലാം ഇനിയും തുടരേണ്ടതുണ്ട്. കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് മന്ത്രി നേഴ്‌സസ് ദിനാശംസകള്‍ നേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനത്തിടെ അന്തരിച്ച സിസ്റ്റര്‍ ലിനിയെ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ഓര്‍മയ്ക്ക് മുന്നില്‍ സ്മരണാഞ്ജലി അര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 4.30 വരെ ആറ് സെഷനുകളിലായാണ് ശില്പശാല സംഘടിപ്പിച്ചത്. നിപക്കെതിരെ പൊതുജാഗ്രതയുണ്ടാവുകയും നിലവിലുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്യാനാണ് ശില്പശാല സംഘടിപ്പിച്ചത്. ആവശ്യമുള്ള തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. കേരളത്തിലെ നിപ വ്യാപനത്തെ കുറിച്ച് രണ്ട് സെഷനുകളില്‍ വിശദീകരിച്ചു. പകര്‍ച്ച വ്യാധികള്‍ക്കെതിരായ മുന്നൊരുക്കങ്ങള്‍, ഉറവിടങ്ങള്‍, തയ്യാറെടുപ്പുകള്‍, തുടര്‍ന്ന് സ്വീകരിച്ച നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും എന്നിവ വിവിധ സെഷനുകളില്‍ വിശദമായി ചര്‍ച്ച ചെയ്തു. വിവിധ ജില്ലകളില്‍നിന്നുള്ള ആരോഗ്യം, വനം-വന്യജീവി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഗവേഷണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു.
ഔദ്യോഗിക ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യകേരളം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി.കെ. കേശവന്‍, മൃഗസംരക്ഷണ വകുപ്പ് ഡയക്ടര്‍ ഡോ. എ. കൗശിഗന്‍, ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, ആരോഗ്യ വിദ്യാഭ്യാസം ജോയിന്റ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജിത്ത് എന്നിവര്‍ ആശംസകളറിയിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. വി.ആര്‍ രാജു സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.
Post a Comment