'മഞ്ഞുരുകി തുടങ്ങി'; വർഷങ്ങൾക്ക് ശേഷം 'അമ്മ'യുടെ വേദിയിൽ മുഖ്യാതിഥിയായി സുരേഷ് ഗോപിയെത്തി.

വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം നടനും മുൻ രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി താരസംഘടന 'അമ്മ'യുടെ വേദിയിലെത്തി. സംഘടനയിലെ അംഗങ്ങളുടെ ഒത്തുചേരലിനും ആരോഗ്യപരിശോധന ക്യാമ്പിനുമായി നടത്തിയ ഉണർവ് എന്ന പരിപാടിയിൽ മുഖ്യാതിഥി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. വർഷങ്ങൾക്ക് ശേഷം അമ്മയുടെ വേദിയിലെത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിച്ചാണ് സഹപ്രവർത്തകർ സ്വീകരിച്ചത്. 

സംഘടനയുടെ ആരംഭകാലത്ത് ഗൾഫിൽ അവതരിപ്പിച്ച ഒരു പരിപാടിക്കു പിന്നാലെ ഉണ്ടായ തർക്കത്തെ തുടർന്നാണ് 'അമ്മ'യുടെ പരിപാടികളിൽ നിന്ന് സുരേഷ് ഗോപി വിട്ടുനിൽക്കാൻ തുടങ്ങിയത്. 'അമ്മ'യുടെ വേദിയിൽ കാണാത്തത് എന്തുകൊണ്ടാണെന്നും സംഘടനയിൽ നിന്ന് എന്തുകൊണ്ട് മാറിനിൽക്കുന്നുവെന്നുമുള്ള ചോദ്യം അക്കാലം മുതൽ സുരേഷ് ഗോപിയോട് പലരും ചോദിക്കാറുണ്ട്. അതിന് അദ്ദേഹം മറുപടിയും നൽകിയിട്ടുണ്ട്.

'അമ്മ'യുടെ നേതൃത്വത്തിൽ 1997ൽ അറേബ്യൻ ഡ്രീംസ് എന്ന പേരിൽ നടന്ന പരിപാടിക്ക് ശേഷമാണ് സുരേഷ് ഗോപി സംഘടനയിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയത്. നാട്ടിൽ തിരിച്ചെത്തിയപ്പോൾ തിരുവനന്തപുരം കാൻസർ സെന്റർ, കണ്ണൂർ കളക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാൻ, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിക്കുമായി ഇതേ ഷോ അഞ്ച് വേദികളിൽ അവതരിപ്പിച്ചു. ഷോ നടത്തുന്നയാൾ അഞ്ച് ലക്ഷം രൂപ 'അമ്മ'യിലേക്ക് തരുമെന്ന് സുരേഷ് ഗോപിയാണ് സംഘടനയെ അറിയിച്ചത്.

പ്രതിഫലം വാങ്ങാതെയാണ് പല താരങ്ങളും ഈ ഷോയിൽ വന്നത്. എന്നാൽ പണം നൽകാമെന്ന് ഏറ്റയാൾ നൽകിയില്ല. ഇത് 'അമ്മ'യുടെ യോഗത്തിൽ ചർച്ചയ്ക്കും വാക്കേറ്റത്തിനും ഇടയാക്കി. തുടർന്ന് രണ്ട് ലക്ഷം രൂപ പിഴയടക്കാൻ സുരേഷ് ഗോപിക്ക് സംഘടനയിൽ നിന്ന് നോട്ടീസ് ലഭിച്ചു. താൻ ശിക്ഷിക്കപ്പെട്ടവനാണെന്നും അതുകൊണ്ട് സംഘടനയിൽ നിന്നും മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post