നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവൻ നാളെ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് കാവ്യ മാധവൻ ആവശ്യപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ചോദ്യം ചെയ്യലിന് തയാറെന്ന് കാവ്യ അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ആലുവയിൽ കാവ്യക്ക് സൗകര്യമുള്ള ഒരിടത്ത് ഹാജരാവനായിരുന്നു നിർദേശം.
പുതിയ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെയും കാവ്യക്ക് ഒപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. ദിലീപിന്റെയും സുരാജിന്റെയും ഫോണുകളിൽ നിന്നു ലഭിച്ച ശബ്ദരേഖകൾ ആസൂത്രിതമാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
കാവ്യക്കെതിരായ ഓഡിയോ ക്ലിപ്പുകൾ ക്രൈബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതോടെ നിർണായക തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺ സംഭാഷണമടക്കം കൂടുതൽ തെളിവുകൾ അന്വേഷണ സംഘം കോടതിക്ക് കൈമാറി.
Post a Comment