ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ കേരഗ്രാമം പദ്ധതിക്ക് 47,99,000 രൂപ സര്‍ക്കാര്‍ അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ അഭിമാന പദ്ധതിയായ കേരഗ്രാമം ബേപ്പൂര്‍ മണ്ഡലത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ 2144 കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്ന് മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ 250 ഹെക്ടര്‍ സ്ഥലത്ത് പദ്ധതി നടപ്പിലാക്കും. ഉത്പാദനക്കുറവ്, വിലയിടിവ്, കീടങ്ങളുടെ ആക്രമണം, എന്നിവ കാരണം പ്രതിസന്ധിയിലായ തെങ്ങു കര്‍ഷകരെ സഹായിക്കുന്ന കേരഗ്രാമം പദ്ധതി കര്‍ഷകര്‍ക്ക് ആശ്വാസവും ആവേശവുമായി മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ശാസ്ത്രീയ കീടനാശിനി മാര്‍ഗങ്ങള്‍ സ്വീകരിക്കുക, പമ്പ് സെറ്റും തെങ്ങു കയറ്റ യന്ത്രവും നല്‍കുക, ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുക, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിച്ച് ജീവിത നിലവാരം ഉയര്‍ത്തുക എന്നിവയാണ് കേരഗ്രാമം പദ്ധതിയുടെ ലക്ഷ്യം.
ക്ഷേമപദ്ധതികള്‍ നടപ്പാക്കിയും വരുമാനം ഉറപ്പാക്കിയും സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയാണ്. വിള ഇന്‍ഷൂറന്‍സ് പോലുള്ള ആനുകൂല്യങ്ങളും മറ്റു പദ്ധതികളും യഥാസമയം കര്‍ഷകരിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. കൃഷി വിസ്തൃതി താരതമ്യേന കുറവായതു കൊണ്ട് ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രവുമായി ചേര്‍ന്ന് ഇഞ്ചി, മഞ്ഞള്‍ തൈകള്‍ വിതരണം ചെയ്യും. ഇവ ചട്ടികളിലോ ഗ്രോ ബാഗുകളിലോ നട്ട് കാര്‍ഷികരംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാനും അതു വഴി ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാനും കേരഗ്രാമം പദ്ധതിയിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Post a Comment