ദേശീയപാത വികസനപ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന അദാനി കമ്പനിയുടെ ഉപകരാറുകാരായ വാഗഡ് ഇന്‍ഫ്രാ പ്രൊജക്ടസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നന്തിബസാറിലെ പ്ലാന്റിനോടനുബന്ധിച്ചുള്ള ലേബര്‍ ക്യാമ്പ്
ആര്‍.ഡി.ഒ ഇടപെട്ട് നിര്‍ത്തിച്ചു. കഴിഞ്ഞ രണ്ട് മാസത്തോളമായി പ്ലാന്റിനകത്ത് നിന്നും മലിനജലം സമീപത്തെ വീടുകളിലെ കിണറുകളിലേക്ക് ഒഴുകിയിരുന്നു.
ഇതോടെ വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ നിരവധി പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉടലെടുത്തു. ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ ആറുപേര്‍ക്ക് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സംഭവവും ഉണ്ടായിരുന്നു.
തിങ്കളാഴ്ചയോടെ 19 വീടുകളിലെ കിണറുകളില്‍കൂടി മലിനജലം പരന്നതിനെ തുടര്‍ന്ന്, സി.പി.എം നേതൃത്വത്തില്‍ പള്ളിക്കര റോഡിലുള്ള ശ്രീശൈലം കുന്നിലെ സ്വകാര്യ വ്യവസായിയുടെ ഭൂമിയില്‍ പ്രവൃത്തിക്കുന്ന വാഗഡ് കമ്പനി പ്ലാന്റ് ഉപരോധിക്കുകയായിരുന്നു
സംഭവത്തെ തുടര്‍ന്ന് ആര്‍.ഡി.ഒ. ബിജുവിന്റെ നേതൃത്വത്തില്‍ മൂടാടി ഗ്രാമപഞ്ചായത്ത് ഓഫിസില്‍ അടിയന്തരയോഗം ചേരുകയും, ലേബര്‍ ക്യാമ്പ് നിര്‍ത്തലാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മാത്രമല്ല ആയിരം ലിറ്ററിന്റെ ടാങ്കുകള്‍ 19 വീടുകളിലും സ്ഥാപിച്ച് കുടിവെള്ള വിതരണം നടത്തുവാനും , വിതരണത്തിനുള്ള ചെലവ് വാഗഡ് കമ്പനിയില്‍ നിന്ന് ഈടാക്കാനും തീരുമാനമായി.
മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ കൃത്യമായി ഉറപ്പുവരുത്തുന്നതുവരെ പ്ലാന്റില്‍ സുരക്ഷജീവനക്കാര്‍ മാത്രമെ ഇനി ഉണ്ടാവുകയുള്ളു. അതിഥി തൊഴിലാളികളായ കമ്പനി ജീവനക്കാരെ മറ്റ് വാസസ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കാനും ധാരണയായി. തുടര്‍ന്ന് ആര്‍.ഡി.ഒയും സംഘവും സ്ഥലത്തെത്തി ഉപരോധക്കാരുമായി ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്ന് രാവിലെ ഏഴിന് ആരംഭിച്ച ഉപരോധസമരം പതിനൊന്നരയോടെ അവസാനിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന യോഗത്തില്‍ തഹസില്‍ദാര്‍ മണി, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍, കൊയിലാണ്ടി സി.ഐ. സുനില്‍കുമാര്‍, സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ. വിജയരാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment