കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സീനിയര്‍ പിജി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റാഗിംഗ് ആക്റ്റിലെ സെക്ഷന്‍ 4 അനുസരിച്ചാണ് കേസെടുത്തത്. എല്ലുരോഗ വിഭാഗം പി ജി വിദ്യാര്‍ത്ഥികള്‍ ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. റാഗിംഗിനെ തുടര്‍ന്ന് ഓര്‍ത്തോ വിഭാഗം പി ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ജിതിന്‍ ജോയ് പഠനം അവസാനിപ്പിക്കുകയായിരുന്നു. ജിതിന്‍റെ പരാതിയെ തുടര്‍ന്ന് രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ സസ്പെന്‍റ് ചെയ്തു.
കഴിഞ്ഞ മാസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ പി ജി വിഭാഗത്തില്‍ പ്രവേശനം നേടിയത് മുതല്‍ തനിക്ക് ഇതേ വിഭാഗത്തില്‍ തന്നെയുളള സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരന്തരം മാനസിക പീഡനം നേരിടേണ്ടി വന്നതായി കൊല്ലം സ്വദേശിയായ ജിതിന്‍ ജോയി പറയുന്നു. രാത്രി ഉറങ്ങാന്‍ അനുവദിക്കാതെ വാര്‍ഡില്‍ അധിക സമയം ജോലി ചെയ്യിപ്പിച്ചു. ജോലി ഭാരം കാരണം ദിവസത്തോളം ഭക്ഷണം പോലും കഴിക്കാന്‍ പോലും കഴിഞ്ഞില്ല. പീഡനം സഹിക്കവയ്യാതായതോടെയാണ് പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. നിരവധി തവണ വകുപ്പ് തലവനോട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായതുമില്ല. ഒടുവില്‍ പഠനം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷമാണ് പ്രിന്‍സിപ്പലിന് പരാതി കൊടുത്തത്.
ജിതിന്‍റെ പരാതിയില്‍ ആന്‍റി റാഗിംഗ് സമിതി അന്വേഷണം നടത്തുകയും രണ്ട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരെ സസ്പെന്‍റ് ചെയ്തതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഓര്‍ത്തോ വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഡോ. മുഹമ്മദ് സാജിദ് ഡോ. ഹരിഹരന്‍ എന്നിവരെയാണ് ആറ് മാസത്തേക്ക് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയതത്.
അതേസമയം സംഭവം പ്രിന്‍സിപ്പല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പൊലീസ് നടപടിയില്‍ താല്‍പ്പര്യമില്ല എന്ന ജിതിന്‍റെ നിലപാടിനെ തുടര്‍ന്ന് കേസ് എടുത്തിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് എ സി പി അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പഠനം അവസാനിപ്പിച്ച ജിതിന്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയിട്ടുണ്ട്.
Post a Comment