സിഎൻജി ക്ഷാമത്തിന് പരിഹാരമില്ല ; ജില്ലയിലെ ഓട്ടോ തൊഴിലാളികൾ സമരത്തിലേക്ക്

സി.എന്‍.ജി ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ നൂറുകണക്കിന് ഓട്ടോകള്‍ കട്ടപ്പുറത്തേക്ക്. ലാഭം നോക്കി സി.എന്‍.ജിയിലേക്ക് കൂടുമാറിയത് ഗതികേടായിപ്പോയെന്നാണ് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്.

ജില്ലയിലെ സി.എന്‍.ജി ക്ഷാമം പരിഹരിക്കുക, ആവശ്യത്തിന് ഫില്ലിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി സമരത്തിനൊരുങ്ങുകയാണ് നഗരത്തിലെ ഓട്ടോത്തൊഴിലാളികള്‍. 

ഓട്ടോടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ഒമ്ബതിന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 9.30 ന് എരഞ്ഞിപ്പാലം കേന്ദ്രീകരിച്ച്‌ മാര്‍ച്ച്‌ ആരംഭിക്കും. ജില്ലയില്‍ എട്ടോളം സി.എന്‍.ജി ഫില്ലിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവിടങ്ങളില്‍ ആവശ്യത്തിന് സി.എന്‍.ജിയില്ല. ജില്ലാ ഭരണകൂടം ഇടപെട്ട് സി.എന്‍.ജി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പി.കെ.പ്രേമനാഥ് പറഞ്ഞു.

നഗരത്തില്‍ മൂന്നിടത്താണ് പെട്രോള്‍ ബങ്കുകളില്‍ സി.എന്‍.ജി കിട്ടുന്നത്. ഇതില്‍ നടക്കാവിലെ ബങ്കില്‍ ചൊവ്വാഴ്ച രാത്രിയാണ് എറണാകുളത്ത് നിന്ന് സി.എന്‍.ജിഎത്തിയത്. ഇന്നലെ രാവിലെ പത്തോടെ തീര്‍ന്നു. സരോവരത്തും കോറണേഷന്‍ തിയേറ്റര്‍ പരിസരത്തും ഇതേ അവസ്ഥ. മൂന്നിടത്തും മണിക്കൂറുകളോളം ക്യൂ നിന്നിട്ടും സി.എന്‍.ജി കിട്ടാത്തവരുണ്ട്. അടിക്കടിയുണ്ടാവുന്ന പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനയില്‍ നിന്ന് രക്ഷപ്പെടാനാണ് തുച്ഛമായ വ്യത്യാസമാണെങ്കിലും സി.എന്‍.ജിയിലേക്ക് മാറാന്‍ കാരണം. എന്നാല്‍ സി.എന്‍.ജി ലഭ്യത അധികൃതര്‍ പ്രഖ്യാപിച്ചതുപോലെ സാദ്ധ്യമാകാത്തതാണ് ഇരുട്ടടിയായത്.

Post a Comment

Previous Post Next Post