കോഴിക്കോട് നഗരത്തിൽ വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയില്‍.

തമിഴ്നാട് കുഡ്ഡലോര്‍ സ്വദേശി മുരുകന്‍ , കോഴിക്കോട് സൗത്ത് ബീച്ച്‌ സ്വദേശി മജീദ് എന്ന സൊറോണി മജീദ് എന്നിവരാണ് നാല് കിലോ കഞ്ചാവുമായി പൊലീസിന്‍റെ പിടിയിലായത്. ഡന്‍സാഫും എലത്തൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് പൂളാടിക്കുന്ന് ജംക്ഷന് സമീപത്ത് വെച്ച്‌ പ്രതികളെ കഞ്ചാവ് സഹിതം പിടികൂടിയത്.

കൊയിലാണ്ടിയിലേക്ക് യാത്രക്കാരെന്ന വ്യാജേന ഓട്ടോറിക്ഷയിലാണ് പ്രതികള്‍ വന്നിരുന്നത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് പിടിയിലായ മജീദ്. ആന്ധ്രയില്‍ നിന്നും ലഹരികടത്തുകാര്‍ തമിഴ്നാട്ടിലെ കാട്പാടിയിലെത്തിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന മയക്കുമരുന്ന് സംഘത്തില്‍പെട്ട പ്രധാനിയാണ് തമിഴ് നാട് സ്വദേശിയായ മുരുകന്‍.നആന്ധ്രയിലെ മാവോയിറ്റ് ശക്തികേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് നിരവധി തവണ കോഴിക്കോട് സിറ്റി പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഏക്കറുകണക്കിന് കഞ്ചാവ് തോട്ടം ആന്ധ്രപോലീസ് നശിപ്പിക്കുകയും ചെയ്തിരുന്നു.

കേരളത്തില്‍ ലഹരി മാഫിയ പിടിമുറുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് ഇത്തരം കേസില്‍ പെട്ടവരെയും മയക്കുമരുന്ന് മാഫിയയുമായി ബന്ധംപുലര്‍ത്തുന്നവരെയും നഗരത്തില്‍ ഇത്തരം സംഘങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും നീരീക്ഷണം ശക്തമാക്കാന്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്‍ ഐ.പി.എസ് കോഴിക്കോട് ഡിസ്ട്രിക്‌ട് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ഫോഴ്സ്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആന്‍്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാറിനാണ് ഡന്‍സാഫിന്‍്റെ ചുമതല.

വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കഞ്ചാവാണ് പ്രതികളില്‍ നിന്നും കണ്ടെടുത്തത്. ആന്ധ്രയിലെ രാജമുദ്രിയിലും ഈസ്റ്റ് ഗോദാവരി ജില്ലയിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലും കൃഷിചെയ്യുന്ന കഞ്ചാവ് കിലോഗ്രാമിന് ആയിരം രൂപയ്ക്ക് വാങ്ങി കേരളത്തില്‍ മുപ്പത്തിരണ്ടായിരം രൂപയ്ക്കാണ് വില്‍പന നടത്തുന്നത്. മൊത്തവിപണനക്കാരില്‍ നിന്നും ചെറിയ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് പ്ളാസ്റ്റിക് പൗച്ചുകളിലാക്കി മുന്നൂറു മുതല്‍ അഞ്ഞൂറ് രൂപവരെ ഈടാക്കിയാണ് വില്‍പന നടത്തുന്നത്.

ഇത്തരത്തില്‍ പൗച്ചുകളിലാക്കി വില്‍പന നടത്താന്‍ കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. എലത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സായൂജ്, എസ്.ഐ മാരായ രാജീവ്, സന്ദീപ് എ.എസ്.ഐ മാരായ പ്രകാശന്‍ സുരേഷ് ഡന്‍സാഫ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയിടത്ത്, സി.പി.ഒ സിനോജ് , ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാര്‍, ഷാഫി പറമ്പത്ത് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post