ദേശീയപാത വികസനം ദ്രുതഗതിയില്‍ പുരോഗമിക്കുന്ന പുതുപ്പണം പാലോളിപ്പാലത്ത് പുതിയ പാത തുറന്നു, പഴയത് ഓര്‍മയാകും.ദേശീയപാതയില്‍ പുതുതായി നിര്‍മിക്കുന്ന പാലത്തിന്റ പ്രവര്‍ത്തനം പാതി പൂര്‍ത്തിയായതോടെ ഗതാഗതം ഇതുവഴി തിരിച്ചുവിട്ടു.
ദേശീയപാതയില്‍ ചീനംവീട് യു.പി സ്കൂള്‍ മുതല്‍ അരവിന്ദ്ഘോഷ് റോഡ് വരെയുള്ള ഭാഗം ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്താണ് പുതിയ റോഡ് നിര്‍മിച്ചത്. മൂരാട് പാലം മുതല്‍ പാലോളിപ്പാലംവരെ ആറുവരിപ്പാത പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്താണ് നിര്‍മിക്കുന്നത്.
വാഹനങ്ങള്‍ പുതിയ റോഡിലൂടെ കടത്തിവിട്ടുതുടങ്ങിയതോടെ പഴയ ദേശീയപാത പൊളിച്ചുതുടങ്ങി. ദേശീയപാത 66ല്‍ മൂരാട് പാലം മുതല്‍ പാലോളിപ്പാലം വരെ ആറുവരിയാക്കുന്ന ജോലികളാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. സര്‍ക്കാറിന്റ ഭാരതമാല പദ്ധതിപ്രകാരമാണ് പാലോളിപ്പാലം മുതല്‍ മൂരാട് പാലംവരെ ആറുവരിപ്പാത നിര്‍മിക്കുന്നത്. രണ്ടര കിലോമീറ്റര്‍ ഭാഗത്തുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഈഭാഗത്ത് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. ഈ ഭാഗങ്ങളിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു.
പാത യാഥാര്‍ഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിനും പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂരാട് പാലത്തിനു പകരം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള പ്രാരംഭ ജോലികളും തകൃതിയാണ്. 32 മീറ്റര്‍ വീതിയിലാണ് ആറുവരിപ്പാലം നിര്‍മിക്കുന്നത്. 68.55 കോടിക്ക് ഹരിയാനയില്‍നിന്നുള്ള ഇ 5 കമ്പനിക്കാണ് നിര്‍മാണ ചുമതല. ജില്ലയില്‍ രാമനാട്ടുകര മുതല്‍ അഴിയൂര്‍വരെ 102 കി.മീറ്റര്‍ ദൂരത്തിലാണ് ദേശീയപാത 66 കടന്നുപോകുന്നത്.
അഴിയൂര്‍ ബൈപാസ്, മൂരാട് മുതല്‍ പാലോളിപ്പാലം, രാമനാട്ടുകര മുതല്‍ വെങ്ങളം എന്നിങ്ങനെ മൂന്ന് റീച്ചായിട്ടാണ് ആറുവരിപ്പാതയാക്കുന്നത്.
Post a Comment