ലൈംഗിക പീഡനക്കേസ് : കുറ്റം സമ്മതിച്ച് സംവിധായകൻ ലിജു കൃഷ്ണ ; അതിജീവിതയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പുതുമുഖ സംവിധായകന്‍ ലിജു കൃഷ്ണ പ്രാഥമിക ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ്.

പരാതിക്കാരിയായ യുവതിയുമൊത്തു ലിജു താമസിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഇരുവരും എത്തിയെന്നും പൊലീസ് കണ്ടെത്തി. ഇന്നു മജിസ്ട്രേട്ടിനു മുന്‍പില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുള്ള ഒരുക്കത്തിലാണു പൊലീസ്.

യുവതി പരാതി നല്‍കിയ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന്‍ പൊലീസാണു പ്രതിയെ അറസ്റ്റ് ചെയ്തതെങ്കിലും പീഡനം നടന്നതു തൃക്കാക്കര പൊലീസ് സ്റ്റേഷന്റെ പരിധിയിലെ ഫ്ലാറ്റിലാണ്. ഇതിനാല്‍ കേസ് അന്വേഷണച്ചുമതല തൃക്കാക്കര പൊലീസിനു കൈമാറും. ലിജുവിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ലിജു സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു.

പരാതി നല്‍കിയ യുവതി ലിജുവുമായുള്ള ബന്ധത്തെപ്പറ്റിയും താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെപ്പറ്റിയും ഇന്നലെ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. സിനിമയുടെ തിരക്കഥയിലും ചിത്രീകരണത്തിലും താന്‍ സഹകരിച്ചിരുന്നുവെന്നു കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംഭാഷണങ്ങള്‍ എഴുതുകയും ഗാനരംഗത്തിന്റെ സ്ക്രിപ്റ്റിങ് നിര്‍വഹിക്കുകയും സിനിമ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്ബനിയുമായി കത്തിടപാടുകള്‍ നടത്തുകയും ചെയ്തു. തിരക്കഥയില്‍ ഏറെ മാറ്റങ്ങള്‍ വരുത്താനും സഹായിച്ചു. എന്നാല്‍, ഇതിനൊന്നും പ്രഫഷനല്‍ രീതിയിലുള്ള അംഗീകാരം നല്‍കിയില്ലെന്നും യുവതി പറയുന്നു.

Post a Comment

Previous Post Next Post