ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യം ആരംഭിച്ചതിനു ശേഷം ഇതുവരെ നാട്ടിലെത്തിയത് 398 മലയാളി വിദ്യാർത്ഥികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രക്ഷാദൗത്യം പുരോഗമിക്കുന്നതിനുസരിച്ചു കൂടുതർ വിദ്യാർത്ഥികൾ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്കുള്ള ഇവരുടെ യാത്ര വേഗത്തിലാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രത്യേക ചാർട്ടേഡ് വിമാനം ഒരുക്കിയിരുന്നു. ഇന്നലെ വൈകിട്ട് 4.30നു പുറപ്പെട്ട വിമാനം രാത്രി 8.15നു നെടുമ്പാശേരി വിമാനത്താവളത്തിൻ എത്തി. എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റാണിത്. ഇതില് 168 വിദ്യാർത്ഥികളെയാണു നാട്ടിലെത്തിച്ചത്. ഇന്നലെ രാത്രി ഡൽഹിയിലെത്തി കേരള ഹൗസിൽ വിശ്രമിക്കുകയായിരുന്ന 36 വിദ്യാർത്ഥികളും ഇന്നു രാവിലെ എത്തിയ 134 വിദ്യാരത്ഥികളും അടങ്ങുന്ന സംഘമാണിത്.
നെടുമ്പാശേരി വിമാനത്താവളത്തിൽ മന്ത്രിമാരും, ജനപ്രതിനിധികളും, നോർക്ക അധികൃതരും ചേർന്ന് ഇവരെ സ്വീകരിച്ചു. വിദ്യാരത്ഥികൾക്കായി വിമാനത്താവളത്തിൽ നിന്നു തിരുവനന്തപുരത്തേക്കും കാസർഗോഡേക്കും നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സഹായത്തിനായി വനിതകളടങ്ങുന്ന പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നോർക്ക വിന്യസിച്ചിട്ടുണ്ട്.
ഡൽഹിയിൽ എത്തിയ മലയാളി വിദ്യാർത്ഥികളിൽ ഏഴു പേരെ 6.55നുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ കൊച്ചിയിലേക്കും രണ്ടു പേരെ 6.55നുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ കണ്ണൂരേയ്ക്കും, അഞ്ചു പേരെ 8.10നുള്ള എയരഏഷ്യ ഫ്ലൈറ്റിൽ കൊച്ചിയിലേക്കും യാത്രയാക്കി. അഞ്ചു പേരെ 10.45നുള്ള ഇൻഡിഗോ ഫ്ലൈറ്റിൽ തിരുവനന്തപുരത്തേക്ക് അയക്കും. ഇവരടക്കം ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെത്തിയ മുഴുവർ വിദ്യാർത്ഥികളേയും സ്വദേശത്തേക്ക് എത്തിക്കാനായിട്ടുണ്ട്. ഇതിൻ രണ്ടു പേര് കേരളത്തിനു പുറത്തു സ്ഥിരതാമസമാക്കിയവരാണ്. ഒരാൾ ഇന്നലെ രാത്രിതന്നെ അബുദാബിയിലെ മാതാപിതാക്കളുടെയടുത്തേക്കു മടങ്ങി.
ബുക്കാറെസ്റ്റിൽ നിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനമടക്കം നാലു വിമാനങ്ങൾകൂടി ഇന്നു ഡൽഹിയിൽ എത്തുന്നുണ്ട്. നാളെയും എട്ടു ഫ്ലൈറ്റുകൾ പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലോവാക്യ എന്നിവിടങ്ങളിൽ നിന്നു ഡൽഹിയിലേക്കും മുംബൈയിലേക്കും സർവ്വീസ് നടത്തുമെന്നാണ് അറിയിപ്പ്. ഈ വിമാനങ്ങളിലെത്തുന്ന എല്ലാ മലയാളി വിദ്യാർത്ഥികളേയും അതിവേഗത്തിൽ കേരളത്തിലേക്കെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും എയർപോർട്ടിൽ സജ്ജമാണ്.
ഉക്രയ്നിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള മലയാളി വിദ്യാർത്ഥികളടക്കമുള്ളവർ സുരക്ഷാ മുന്നറിയിപ്പുകൾ സദാ ശ്രദ്ധിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും വേണം. യുദ്ധം രൂക്ഷമായ ഖാർകീവിൽ നിന്ന് അടിയന്തരമായി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണ് ഉക്രയ്നിലെ ഇന്ത്യൻ എംബസി ഏറ്റവും ഒടുവിൽ നൽകിയിരിക്കുന്ന നിർദേശം. ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിച്ചു സുരക്ഷിതരായി നീങ്ങാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post a Comment