നമ്പർ 18 ഹോട്ടൽ കേസ് : രണ്ടാം പ്രതി സൈജു തങ്കച്ചനും കീഴടങ്ങി

നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചനും പോലീസിന് മുന്നില്‍ കീഴടങ്ങി. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്. ഉടന്‍തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികളിലേക്ക് കടക്കും.

കേസിലെ ഒന്നാംപ്രതിയായ റോയി വയലാട്ട് കഴിഞ്ഞ ദിവസം പോലീസിന് മുന്നില്‍ കീഴടങ്ങിയതിന് പിന്നാലെയാണ് സൈജുവും കീഴടങ്ങിയിരിക്കുന്നത്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കീഴടങ്ങിയത്. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

റോയിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കേസില്‍ വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമായതിനാല്‍ റോയി വയലാട്ടിനെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടും.

നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്സോ കേസിലെ പ്രതികള്‍. കേസില്‍ അഞ്ജലി റീമാദേവിന് മാത്രമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് പോലീസ് റോയി വയലാട്ട് അടക്കമുള്ളവര്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. 2021 ഒക്ടോബര്‍ 20-ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലില്‍ വെച്ച്‌ അതിക്രമം ഉണ്ടായതായാണ് പരാതി. രാത്രി 10-ന് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ റോയി വയലാട്ട് തന്നെയും മകളെയും കടന്നു പിടിച്ചുവെന്നും ഇത് രണ്ടാം പ്രതി സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്ത് അഞ്ജലി റിമ ദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി. വിവരം പുറത്തു പറഞ്ഞാല്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിലുണ്ട്.

Post a Comment

Previous Post Next Post