1.3 കോടി രൂപയുടെ കുഴല്‍പ്പണവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ.മുക്കം പൂളപ്പൊയില്‍ സ്വദേശികളായ മലയില്‍ മുഹമ്മദ് (54), നൊട്ടന്‍തൊടിക റഹീം (42) എന്നിവരെയാണ് കുഴല്‍പണവുമായി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപേരില്‍ നിന്നുമായി 1.3 കോടി രൂപ കണ്ടെടുത്തു. ചൊവ്വാഴ്ച്ച രാത്രി 12 ഓടെ മേലാറ്റൂര്‍ ഉച്ചാരക്കടവില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
വാഹന പരിശോധനക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ഹ്യുണ്ടായ് ക്രെറ്റ കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് വാഹനത്തിന്റെ മുമ്പിലും പിന്‍ ഭാഗത്തുമായി രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 500ന്റെ ഒരു കോടി മൂന്ന് ലക്ഷം രൂപ കണ്ടെത്തിയത്.
പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് കോയമ്പത്തൂരില്‍ നിന്ന് ജില്ലയിലേക്ക് കടത്തുകയായിരുന്ന പണമാണിതെന്ന് പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത കാറും പണവും പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിഎസ് ഷാരോൺ, എഎസ്‌ഐ മൊയ്തീന്‍ കുട്ടി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റസാഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Post a Comment