സംസ്ഥാനത്ത് 12 മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷൻ ഇന്ന് മുതൽ. കുട്ടികൾക്ക് പുതിയ കോർബിവാക്സാണ് നൽകുന്നത്. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്സിനേഷൻ. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്സിനേഷൻ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും.
രക്ഷിതാക്കളുടെ ആശങ്ക മനസിലാക്കി കൃത്യമായ ആസൂത്രണം നടത്തിയായിരിക്കും വാക്സിനേഷൻ നടത്തുക. നിലവിൽ മുതിർന്നവരുടെ വാക്സിനേഷൻ കേന്ദ്രത്തിന്റെ ബോർഡ് നീലയും 15 മുതൽ 17 വയസുവരെയുള്ളവരുടെ വാക്സിനേഷൻ കേന്ദ്രത്തിന്റെ ബോർഡ് പിങ്കുമാണ്. മുതിർന്നവർക്ക് കോവിഷീൽഡും, കോവാക്സിനും 15 മുതൽ 17 വയസുവരെയുള്ളവർക്ക് കോവാക്സിനുമാണ് നൽകുന്നത്.
വാക്സിൻ എടുക്കുന്ന ദിവസം 12 വയസ് പൂർത്തിയാൽ മാത്രമേ കുത്തിവെപ്പ് നൽകു. 2010 മാർച്ച് 16ന് മുമ്പ് ജനിച്ച കുട്ടികൾക്ക് വാക്സിനെടുക്കാൻ സാധിക്കും. ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്കും വാക്സിനെടുക്കാൻ സാധിക്കും. ഓൺലൈൻ വഴിയും സ്പോട്ട് രജിസ്ട്രേഷൻ വഴിയും കുട്ടികൾക്ക് വാക്സിൻ സ്വീകരിക്കാവുന്നതാണ്. അതേസമയം ഇന്ന് മുതൽ 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും രണ്ടാം ഡോസ് കഴിഞ്ഞ് 9 മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാവുന്നതാണ്.
Post a Comment