പാലക്കാട് കുറുമ്പാച്ചിമലയിൽ ട്രക്കിങ്ങിനിടയിൽ,കാൽവഴുതി വീണ് മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) ആണ് മലയിടുക്കിൽ കുടുങ്ങിയത്. ഇന്നലെ ഉച്ചയ്ക്കാണ് ബാബുവും സുഹൃത്തുക്കളായ മൂന്നു പേരുംചേർന്ന് മല കയറിയത്.ഇറങ്ങുന്നതിനിടെ അവശനായ ബാബു കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നൽകിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.
തുടർന്ന് സുഹൃത്തുക്കൾ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടുകൂടി അഗ്നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവർത്തനം പുലർച്ചെ മാത്രമേ ആരംഭിക്കാനാകൂ എന്നതിനാൽ സംഘം അവിടെ ക്യാമ്പ് ചെയ്തു. പുലർച്ചയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഇതുവരെയായിട്ടും ബാബുവിനെ പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കോസ്ററ് ഗാർഡിന്റെ ഹെലികോപ്റ്റർ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ശക്തമായ കാറ്റിനെ തുടർന്ന് അതും വിഫലമായി. മുകളിലോട്ടും താഴോട്ടും നീങ്ങാനാകാത്ത നിലയിലാണ് യുവാവ് കുടുങ്ങിയത്.
ദേശീയ ദുരന്തനിവാരണ സേന സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹെലികോപ്റ്റർ ഉപയോഗിച്ച് തന്നെ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തുന്നത്. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ആദ്യ രക്ഷാപ്രവർത്തനം പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി കോഴിക്കോട് നിന്നും പർവ്വതാരോഹകസംഘത്തെ എത്തിച്ച് രക്ഷാപ്രവർത്തനം നടത്തുവാനാണ് ആലോചിക്കുന്നത്.
കഷ്ടിച്ച് മൂന്നടി മാത്രം നീളമുള്ള മലയിടുക്കിലാണ് യുവാവുള്ളത്. ഇവിടേക്ക് മറ്റു മൃഗങ്ങൾക്കും ഒന്നും എത്തിച്ചേരാൻ പറ്റില്ല. എന്നാൽ ഭക്ഷണമോ വെള്ളമോ കിട്ടാതെ യുവാവിന് ഒറ്റയ്ക്ക് അധികം സമയം അവിടെ തുടരാനുമാവില്ല. കൂടുതൽ ദേശീയ ദുരന്തനിവാരണ സേനാഗംങ്ങൾ ഉടനെ ഇവിടേക്ക് എത്തും. പാലക്കാട് ജില്ലാ കളക്ടർ ആണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. അതേസമയം രക്ഷാപ്രവർത്തനം സാധ്യമല്ലെങ്കിൽ യുവാവിന് അടിയന്തരമായി ഭക്ഷണവും വെള്ളവും എത്തിക്കാൻ ശ്രമിക്കണമെന്ന് പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. കുടിവെള്ളം പോലും ഇല്ലാതെ കാലിന് പരിക്കേറ്റ യുവാവ് മലയിടുക്കിൽ 30 മണിക്കൂർ പിന്നിട്ടു എന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം ചെങ്കുത്തായ മല കയറുന്നത് അപകടം ഉണ്ടാക്കുമെന്ന് വനംവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മുൻപും ഇവിടെ കാല്‍വഴുതി വീണ് നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

.jpeg)
.jpeg)
Post a Comment