ആധാർ ദുരുപയോഗം ചെയ്‌താൽ പിഴ ഒരു കോടി രൂപ വരെ


ഇന്ത്യൻ പൗരന്റെ ഏറ്റവും വിലപ്പെട്ട രേഖകളിൽ ഒന്നായ ആധാർ കാർഡ് ദുരുപയോഗം ചെയ്‌താൽ 10000 രൂപ മുതൽ ഒരു കോടി രൂപ വരെ പിഴ ഈടാക്കും. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ മൂന്നു വര്‍ഷം വരെ തടവും ലഭിക്കാം. വോട്ടർ ഐഡി, പാൻ കാർഡ്, തുടങ്ങിയ മറ്റ് തിരിച്ചറിയൽ രേഖകളിൽ നിന്ന് വ്യത്യസ്തമായി ആധാർ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നത് വർദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം കേസുകൾ നിയന്ത്രിക്കാനും ഈ സാഹചര്യം കുറയ്ക്കാനുമായി ഇത്തരം തെറ്റുകൾ ചെയ്യുന്നവർക്കെതിരെ വൻ തുക പിഴ ചുമത്താൻ യുഐഡിഎഐക്ക് അടുത്തിടെ അനുമതി ലഭിച്ചിരുന്നു. 2021 നവംബറിൽ, ആധാർ നിയമം ലംഘിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കാൻ കേന്ദ്ര സർക്കാർ യുഐഡിഎഐക്ക് നിർദേശവും നൽകി. 2021 നവംബർ 2 ന് തന്നെ ഇത് സംബന്ധിച്ച നിയമങ്ങളും വിജ്ഞാപനം ചെയ്തിരുന്നു.

യുഐഡിഎഐയുടെ നിർദേശങ്ങൾ പാലിക്കുന്നതിൽ ഒരു സ്ഥാപനമോ, വ്യക്തിയോ പരാജയപ്പെട്ടാൽ ഇതുമായി സംബന്ധിച്ച് പരാതി നൽകാം. ആധാറുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റിൽ പരാതി റജിസ്റ്റർ ചെയ്യുകയും ആവശ്യമായ വിവരങ്ങൾ യുഐഡിഎഐയ്ക്ക് കൈമാറുകയും ചെയ്യണം. യുഐ‌ഡി‌എ‌ഐ നിയമിച്ച, വിഷയം വിലയിരുത്താൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അത്തരം കാര്യങ്ങൾ തീരുമാനിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കും. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ, വ്യക്തിക്കെതിരെ ഒരു കോടി രൂപ വരെ പിഴ ചുമത്താനും അനുമതിയുണ്ട്.

തെറ്റായ ജനസംഖ്യാ വിവരങ്ങളോ ബയോമെട്രിക് വിവരങ്ങളോ നൽകി ആൾമാറാട്ടം നടത്തുന്നത് ആധാർ നിയമപ്രകാരം കുറ്റകരമാണ് നിയമം  ലംഘിക്കുന്നവർക്ക് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ലഭിക്കും.

Post a Comment

Previous Post Next Post