പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ സന്നദ്ധ സേന രൂപീകരിക്കുന്നു

ഭവന നിര്‍മാണ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന്‌ പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ സന്നദ്ധസേന രൂപീകരിക്കുന്നു.ബ്ലോക്ക്‌ പഞ്ചായത്തിന്‌ കീഴില്‍ വിവിധ പദ്ധതികളിലായി ഫണ്ട്‌ അനുവദിച്ച ഗുണഭോക്‌താക്കളുടെ ഭവന നിര്‍മാണം പൂര്‍ത്തീകരിക്കുകയാണ്‌ ലക്ഷ്യം.

സാമ്പത്തിക പ്രതിസന്ധി കാരണം പല ഗുണഭോക്‌താക്കളുടെയും ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇവരെ സഹായിക്കുകയാണ്‌ സന്നദ്ധസേന രൂപീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.പി ബാബു പറഞ്ഞു.

ആവാസ്‌ പ്ലസ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 106 ഗുണഭോക്‌താക്കള്‍ക്കാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2021-22 വര്‍ഷം ധനസഹായം അനുവദിച്ചത്‌. പി എം എ വൈ പദ്ധതി പ്രകാരം ഫണ്ടനുവദിച്ച 50 വീടുകളുടെയും സംസ്‌ഥാന സര്‍ക്കാരിന്റെ ലൈഫ്‌ മിഷന്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന 30 വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കാനുണ്ട്‌. ചുമരുകെട്ട്‌, തേപ്പ്‌, വയറിങ്‌, പ്ലംബിങ്‌ ജോലികളിലാണ്‌ സന്നദ്ധപ്രവര്‍ത്തകരെ തേടുന്നത്‌. 

സൗജന്യ സേവനം ചെയ്യാൻ തയ്യാറുള്ളവര്‍ ഫെബ്രുവരി 26നകം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസില്‍ സമ്മതപത്രം നല്‍കണം.
തിരിച്ചറിയല്‍ കാര്‍ഡ്‌, യൂണിഫോം, പണിയായുധങ്ങള്‍, ഭക്ഷണം എന്നിവ നല്‍കും. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ ഗ്രൂപ്പുകളാക്കി മാസത്തില്‍ നാലു ദിവസമെങ്കിലും സേവനം ഉറപ്പുവരുത്തും. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി.കെ പാത്തുമ്മ, സെക്രട്ടറി പി.വി ബേബി, സ്‌ഥിരംസമിതി അധ്യക്ഷരായ കെ.സജീവന്‍, പി.കെ രജിത, ശശികുമാര്‍ പേരാമ്പ്ര എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post