നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍


നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹർജി നല്‍കി.തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണ‍മെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണകോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ നിര്‍ണായക നീക്കം

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അന്വേഷണ സംഘം മുന്നോട്ടു പോകുന്നത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ വിചാരണക്കോടതിയുടെ രേഖകളില്‍ നിന്നു നീക്കം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളും ദിലീപ് ഉയര്‍ത്തുന്നുണ്ട്.
വിചാരണ കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തതാണെന്നും ദിലീപ് വാദിക്കുന്നു. തുടരന്വേഷണം വലിച്ചു നീട്ടാന്‍ അന്വേഷണസംഘം ശ്രമിക്കുമെന്നുമാണ് ദിലീപിന്റെ ആരോപണം.

ഗൂഢാലോചന കേസില്‍ ബാലചന്ദ്രകുമാറിന്‍റേത് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്നാണ് ദിലീപ് പറയുന്നത്. ഇതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നത് സംബന്ധിച്ച്‌ ആലുവ മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ഫോണുകള്‍ കോടതിയില്‍ വെച്ച്‌ തുറന്നുപരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പ്രതിഭാഗം എതിര്‍ത്തിരുന്നു.


 

Post a Comment

Previous Post Next Post