കോഴിക്കോട് - കണ്ണൂർ ദേശീയ പാതയിൽ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് വൻ അപകടം. ഇന്ന് രാവിലെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കാറും സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും തകർന്നു. വാഹനത്തിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പയ്യന്നൂരിൽ നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്ന കാറിലാണ് ലോറി ഇടിച്ചത്. യാത്രയ്ക്കിടയിൽ പോസ്റ്റ് ഓഫീസിന് സമീപത്തെ പള്ളിക്ക് മുന്നിൽ പ്രഭാത നമസ്‌കാരത്തിന് വേണ്ടി കാർ നിറുത്തിയതായിരുന്നു. കൊച്ചിയിൽ നിന്നും സോളാപൂരിലേക്ക് പോകുന്ന ലോറിയാണ് കാറിൽ ഇടിച്ചത്. വേറൊരു വാഹനത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. ഇടി കൊണ്ട കാർ മുന്നോട്ടു തെറിച്ചു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റ് ഒടിഞ്ഞുവെന്നും വാഹനത്തിനു വലിയ തോതിൽ കേടുപാടുകളുണ്ടായെന്നും ആളപായം സംഭവിച്ചിട്ടില്ലെന്നും പയ്യോളി പൊലീസ് പറഞ്ഞു.
Post a Comment