യുക്രൈനിൽ നിന്ന് ആദ്യ സംഘം ഇന്ന് ഇന്ത്യയിലെത്തും ; 17 മലയാളി വിദ്യാർത്ഥികളും കൂട്ടത്തിൽ

റഷ്യന്‍ സൈനിക നടപടിയെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഇന്ന് നാട്ടിലെത്തും. ആദ്യസംഘത്തില്‍ 17 മലയാളി വിദ്യാര്‍ത്ഥികളുമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് ഉച്ചയോടെ ഇവര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തും.രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങളെ ഇന്ന് അയക്കും.

ബുക്കോവിനയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ബസ് മാര്‍​ഗമാണ് റുമാനിയയില്‍ എത്തിച്ചത്. 470 വിദ്യാര്‍ത്ഥികളെ ഇവിടെ നിന്ന് രണ്ട് വിമാനങ്ങളിലായാവും നാട്ടിലേക്ക് കൊണ്ടുവരിക. യുക്രൈനില്‍ നിന്നുള്ള 1500 ഇന്ത്യക്കാര്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തി. ഇവരെ ഇന്ന് ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കാനാണ് ശ്രമം.

യുക്രെയ്നിലെ വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ അയല്‍ രാജ്യങ്ങളിലൂടെ രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ നാലുരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി എസ്.ജയശങ്കര്‍ സംസാരിച്ചു. എംബസിയെ ബന്ധപ്പെട്ടാല്‍ അതിര്‍ത്തിയിലെത്താനുള്ള എല്ലാ സഹായവും ലഭിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 18,000 പേരാണ് യുക്രൈനില്‍ കുടുങ്ങി കിടക്കുന്നത്.

രക്ഷാപ്രവര്‍ത്തനം ഇങ്ങനെ

നിലവില്‍ യുക്രൈന്റെ കിഴക്ക്, തെക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുള്ളത്. ഇവിടെ നിന്ന് ആളുകളെ റോഡ് മാര്‍ഗം അയല്‍ രാജ്യങ്ങളില്‍ എത്തിക്കും. ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങളില്‍ എത്തിച്ച ശേഷം റൊമേനിയയുടെ തലസ്ഥാനമായ ബുകാറസ്റ്റിലെ വിമാനവത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ് നിലവില്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി റൊമേനിയയില്‍ ക്യാമ്പ് ആരംഭിച്ചു.

അതിര്‍ത്തിക്കടുത്ത് താമസിക്കുന്നവര്‍ ആദ്യം എത്തണമെന്നാണ് നിര്‍ദേശം. വാഹനത്തില്‍ ഇന്ത്യന്‍ പതാക കെട്ടണം. അവശ്യ ചെലവിന് യുഎസ് ഡോളര്‍ കയ്യില്‍ കരുതണം. ക്രമറ്റോസ്‌ക്, കര്‍കീവ്, ലിവിവ്, കീവ്,ഒഡേസ,ഇവാനോ എന്നിവിടങ്ങളിലാണ് നിലവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയിട്ടുള്ളത്.

Post a Comment

Previous Post Next Post