ആക്ടിവിസ്റ് ബിന്ദു അമ്മിണിക്കെതിരെ വെള്ളയിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് അറസ്റ്റിലായ പ്രതി മോഹൻദാസിന്റെ ഭാര്യ. ബിന്ദു അമ്മിണിയാണ് പ്രകോപനമൊന്നുമില്ലാതെ മോഹൻ ദാസിനെ ആക്രമിച്ചതെന്നും വീഡിയോ ചിത്രീകരിച്ചതെന്നും ഇവർ പറയുന്നു.മോഹൻദാസ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
കോഴിക്കോട് ബീച്ചിനോട് ചേർന്ന് മോഹൻദാസ് വിശ്രമിക്കുകയായിരുന്നു ആ സമയത്ത് ബിന്ദു അമ്മിണി അവിടെയെത്തി.ഇരുവർക്കുമിടയിൽ എന്തോ കാര്യത്തിന് വാക്ക് തർക്കമുണ്ടായി,ഇത് ആക്രമത്തിലേക്കു നീങ്ങിയെന്നും ഏകപക്ഷീയമായി ബിന്ദു അമ്മിണി ആക്രമിക്കുകയായിരുന്നെന്നും മോഹനന്റെ ഭാര്യ റീജ പറഞ്ഞു. താൻ നൽകിയ പരാതിയിൽ അന്വേഷിച്ച് തുടർ നടപടിയെടുക്കാമെന്ന് പൊലീസ് പറഞ്ഞതായി റീജ മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദുഅമ്മിണിക്ക് മർദ്ദനമേറ്റത്.മദ്യ ലഹരിയിലായിരുന്നു കുറച്ചു പേർ തന്നോട് അപമര്യാദയായി പെരുമാറിയെന്നും അതിലൊരാൾ ആക്രമിച്ചെന്നുമായിരുന്നു ബിന്ദു അമ്മിണിയുടെ പരാതി.മർദ്ദനത്തിന്റെ ദൃശ്യങ്ങളും ഇവർ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു.സംഭവത്തിൽ വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ പട്ടിക ജാതി പട്ടിക വർഗ കമ്മീഷനും സ്വമേധയ കേസെടുത്തു. സാമൂഹ്യ പ്രവർത്തകയും പട്ടിക വിഭാഗത്തിൽപ്പെട്ടയാളുമായ ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട വാർത്ത മാധ്യമങ്ങളിൽ വന്നതിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നെന്നു കമ്മീഷൻ രജിസ്ട്രാർ പി.ഷേർളി അറിയിച്ചു.
Post a Comment