എലത്തൂര്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എ ആസ്തി വികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ മന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അവലോകനം ചെയ്തു.
ആകെ നിര്‍ദ്ദേശിച്ച 75 പ്രവൃത്തികളില്‍ 44 എണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവയിൽ മിക്ക പ്രവൃത്തികളും പുരോഗമിക്കുന്നവയും ചിലത് ആരംഭിക്കാനുള്ളതുമാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഇതില്‍ എട്ട് എണ്ണം ജനുവരി, ഫെബ്രുവരി മാസത്തില്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മറ്റുള്ള മുഴുവന്‍ പ്രവൃത്തികളും മെയ് 31നുള്ളില്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ജനറല്‍ മിനി, തദ്ദേശസ്വയം ഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ചന്ദ്രൻ, കുറ്റ്യാടി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കോഴിക്കോട് കോര്‍പറേഷന്‍ സുപ്രണ്ടിംഗ് എഞ്ചിനീയര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment