പല രാജ്യങ്ങളിലും ‘ഒമിക്രോൺ’ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദേശങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ തദ്ദേശ സമിതികളുടെ കീഴിൽ വാർഡുതല സമിതികളുടെ പ്രവർത്തനം വീണ്ടും ഊർജിതമാക്കും. ജാഗ്രതാ സമിതികൾ വഴി രോഗബാധിതരെ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. വാർഡുതല സമിതികൾ ഊർജിതമാക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകും.
ഇപ്പോൾ വിദേശത്തുനിന്ന് എത്തുന്നവരിൽ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാർഡിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അല്ലാത്തവർക്ക് സ്വയം നിരീക്ഷണമാണ്. അതേസമയം, ‘റിസ്ക് രാജ്യ’ങ്ങളിൽ നിന്നുള്ളവരിൽ നെഗറ്റീവാകുന്നവരെ ‘ഹോം ക്വാറന്റീനി’ലേക്കാണ് മാറ്റുന്നത്. ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് വാർഡുതല സമിതികൾ ഉറപ്പാക്കും.
പോസിറ്റീവായവരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ആംബുലൻസിൻ പ്രത്യേക വാർഡുകളിൽ എത്തിക്കും. ഇതിനായി ‘108’ ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്.
നെഗറ്റീവായവർക്ക് അവരുടെ വാഹനത്തിൽ വീടുകളിൽ ക്വാറന്റീനിലേക്ക് പോകാം. ആ വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. യാത്രക്കാർ പിറകിലത്തെ സീറ്റിലിരിക്കണം. യാത്രക്കാരും ഡ്രൈവറും തമ്മിൽ നേരിട്ട് സമ്പർക്കം വരാതിരിക്കാൻ പ്ലാസ്റ്റിക്കുംമറ്റും ഉപയോഗിച്ച് തിരിച്ചിരിക്കണം.
ക്വാറന്റീനിലുള്ളവർ വീട്ടിൽ പ്രത്യേകം ടോയ്‌ലറ്റ് സൗകര്യമുള്ള മുറിയിൽ കഴിയണം. ഏഴു ദിവസത്തെ ക്വാറന്റീന് ശേഷം എട്ടാം ദിവസം ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം പരിശോധന നടത്തണം. വീട്ടിൽ ക്വാറന്റീനിൽ കഴിയുമ്പോൾ പോസിറ്റീവായാൽ വീട്ടിലുള്ള എല്ലാവരേയും പരിശോധിക്കും. നെഗറ്റീവാണെങ്കിൽ വീണ്ടും ഏഴു ദിവസം സ്വയം നിരീക്ഷിക്കണം.
Post a Comment