താമരശ്ശേരിയിൽ നിന്നും ഡിസംബർ 26 ന് കെ.എസ്.ആർ.ടി.സി ഉല്ലാസയാത്ര ആരംഭിക്കുന്നു.


എത്ര കണ്ടാലും പോയാലും മതിവരാത്ത തുഷാരഗിരി, കാക്കവയൽ വനപർവം, വയനാട് വൈത്തിരിയിലെ പൂക്കോട് തടാകം... ഈ മൂന്നിടങ്ങളും കോർത്തിണക്കിക്കൊണ്ട് താമരശ്ശേരിയിൽ നിന്നും ഒരു ഉല്ലാസയാത്ര പോയാൽ എങ്ങനെയിരിക്കും...?  അതും കെ.എസ്.ആർ.ടി.സി. ബസിൽ.....

താമരശ്ശേരിയിൽ നിന്നും 2021 ഡിസംബർ 26 നാണ് ഉല്ലാസയാത്ര ആരംഭിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നും കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന ആദ്യ ഉല്ലാസ യാത്രയാണ്. ഒരാൾക്ക് 650 രൂപയാണ് (ഭക്ഷണവും, എൻട്രി ഫീയും ഉൾപ്പെടെ) നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. 

ഇനി യാത്രയിൽ കാണുന്ന സ്ഥലങ്ങളോ....

പൂക്കോട് തടാകം 

പശ്ചിമ ഘട്ടത്തിൽ പ്രകൃതി തലമുറകൾക്കായി കാത്തുവെച്ച കളിപ്പൊയ്കയാണ് വയനാട് ജില്ലയിലെ പൂക്കോട് തടാകം. മൂന്ന് കുന്നുകൾക്കിടയിൽ ഒരിക്കലും വറ്റാതെ നിറഞ്ഞു നിൽക്കുകയാണ്  തെളിനീരു മാത്രമുള്ള ഈ ശുദ്ധജലതടാകം. 13 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. നീലാംബൽ പൂക്കൾ സൗരഭ്യം വിതറുന്ന തടാകക്കരയിൽ തിരക്കൊഴിഞ്ഞ നേരമില്ല.

ചങ്ങല മരം

വയനാട് ലക്കിടിയിൽ ഹൈവേക്കു സമീപം ദൈവിക പരിവേഷമുള്ള ഒരു വൃക്ഷമുണ്ട് അതാണ് ചങ്ങലമരം. ജീവത്യാഗത്തിന്റെ കഥയാണ് ഈ വൃക്ഷത്തെ ചുറ്റിപറ്റിയുള്ളത്. വിലമതിക്കാനാവാത്ത വിഭവങ്ങൾ കടത്തികൊണ്ടുപോകാൻ പാത നിർമ്മിക്കുന്നതിനായി ഒരു ബ്രിട്ടീഷ് എൻജിനീയർ കണ്ടെത്തിയ ഒരു മാർഗദർശി ആയിരുന്നു കരിന്തണ്ടൻ. എന്നാൽ പാതനിർമാണത്തിന്റെ മുഴുവൻ അംഗീകാരവും നേടിയെടുക്കാൻ എൻജിനീർ കരിന്തണ്ടനെ വെടിവെച്ചു കൊന്നു. അതിന്റെ ഫലമായി കരിന്തണ്ടന്റെ ആത്മാവിനെ തളച്ചിട്ട സ്ഥലമാണ് ചങ്ങല മരം എന്നാണ് ഐതിഹ്യം. 

താമരശ്ശേരി ചുരം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്തു അടിവാരത്തുനിന്നും 12 കിലോമീറ്റർ നീളത്തിൽ സ്ഥിതിചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്നും 2625 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചുരത്തിന്റെ ഏറ്റവും ഉയരത്തിൽ നിന്നും നോക്കിയാൽ കോഴിക്കോട് ജില്ല മുഴുവനായും കാണാം. അനശ്വര നടൻ ശ്രീ പപ്പുവിന്റെ വാക്കുകളിലൂടെ ഈ ചുരം ഏവർക്കും സുപരിചിതമാണ്

തുഷാരഗിരി വെള്ളച്ചാട്ടം

മഞ്ഞണിഞ്ഞ മലകൾ എന്നർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ കോഴിക്കോട് ജില്ലയിലാണ് പ്രകൃതി രമണീയമായ ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഉയരംകൂടിയ ആർച്ച് മോഡൽ പാലം നിർമിച്ചിരിക്കുന്നത് ഇവിടെയാണ്. ധാരാളം മലയാളസിനിമകൾക്ക് വേദിയായ ഒരിടം കൂടിയാണിത് 

വനപർവം

ഒട്ടേറെ ഔഷധ സസ്യങ്ങളും, പൂച്ചെടികളും, വൈവിദ്യങ്ങളായ ചിത്ര ശലഭങ്ങളും, കാട്ടരുവിയും തുടങ്ങി പ്രകൃതി കനിഞ്ഞരുളിയ എല്ലാ വൈവിദ്യങ്ങളും ഒത്തുചേർന്ന പ്രകൃതിയെ തൊട്ടറിയാനുള്ള ഒരു കാവ്യ പർവമാണിത്.

കൂടുതൽ വിവരങ്ങൾക്ക്:

കെ എസ് ആർ ടി സി താമരശ്ശേരി:
 
Phone: 0495-2222217
Mobile:  9895218975
               9961062548
               8848490187


Post a Comment

Previous Post Next Post