കലാരത്നം അവാർഡ് സായി പ്രസാദിന്


കലാരത്‌ന ഫൗണ്ടേഷൻ ആൻഡ് ആർട്ട് സൊസൈറ്റി (ബറേലി) നൽകിവരുന്ന കലാരത്ന അവാർഡ്കൾ പ്രഖ്യാപിച്ചു. കൊയിലാണ്ടി സ്വദേശി സായി പ്രസാദ് (ചിത്രകൂടം) ഏറ്റവും മികച്ച ആർട്ടിസ്റ്റിനുള്ള പുരസ്ക്കാരത്തിന് അർഹനായി. നാല്പതോളം രാജ്യങ്ങളിൽ നിന്ന് 562 ഓളം കലാകാരന്മാർ മാറ്റുരച്ച മത്സരത്തിലാണ് സായി പ്രസാദിന് മികച്ച നേട്ടം കൈവരിക്കാനായത്. പട്ടികയിൽ ഇടംപിടിച്ച മറ്റ് രാജ്യങ്ങളിലെ ഇരുപതോളം കലാസൃഷ്ടികളിൽ നിന്നുമാണ്  സായിപ്രസാദിൻ്റെ രണ്ട് കലാസൃഷ്ടികൾ തെരഞ്ഞെടുത്തത്.
  
ക്യാൻവാസിൽ അക്രിലിക് മീഡിയത്തിൽ വരച്ച  "ദ മൂവിംഗ് ഏജസ് ", "ദ എൻ്റ് ഓഫ് ദ എക്സോഡസ് " എന്നീ രണ്ടു ചിത്രങ്ങളാണ് സായിപ്രസാദിനെ പുരസ്കാരത്തിന് അർഹമാക്കിയത്. ലോകത്തിൻ്റെ ദ്രുതഗതിയിലുള്ള മുന്നേറ്റത്തിനും പുരോഗതിക്കും ഇടയിലെ മനുഷ്യനെ അവതരിപ്പിക്കുന്ന ഒരു ആധുനിക ഫ്യൂച്ചറിസ്റ്റ് ഇമേജാണ്“ദ മൂവിങ് ഏജസ്",  നമ്മുടെ നാഗരികതയുടെ ആന്തരിക വെളിച്ചവും വിനാശകരമായ സമയത്തിന്റെ ദയനീയതയും ശുഭാപ്തിവിശ്വാസവും  " ദ എൻഡ് ഓഫ് എക്സോഡസ് " എന്ന പെയിൻ്റിംഗ്‌ വെളിപ്പെടുത്തുന്നു.
അടച്ചിടൽ കൊണ്ട് മനുഷ്യജീവിതം പ്രതിസന്ധിയിലായ കാലഘട്ടത്തിൽ മനുഷ്യത്വം കൊണ്ട് നമ്മൾ മുന്നോട്ട് നയിക്കപ്പെടുമെന്നും ചിന്തകളിലും പ്രതീക്ഷകളിലും കാഴ്ചപ്പാടുകളിലും അതിനനുസരിച്ച് മാറ്റമുണ്ടാവുമെന്നുമുള്ള സന്ദേശം ഇരു ചിത്രങ്ങളും നൽകുന്നു.

Post a Comment

Previous Post Next Post