സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു. കരുത്തരായ ബെംഗലൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. ഇന്ന് രാത്രി 7.30ന് ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം. സീസനീൽ രണ്ട് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്സ് ഒരു മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ ഒരെണ്ണം സമനിലയിലായി. ബെംഗളൂരുവിന് ഒരു ജയവും ഒരു തോൽവിയുമാണ് ഉള്ളത്.
ഉദ്ഘാടന മത്സരത്തിൽ എടികെ മോഹൻബഗാനോട് രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. നോർത്ത് ഈസ്റ്റിനെതിരെ സുവർണാവസരങ്ങളടക്കം പാഴാക്കിയ ബ്ലാസ്റ്റേഴ്സ് ഗോൾരഹിത സമനില വഴങ്ങി. കളിയിലുടനീളം ആധിപത്യം പുലർത്തിയെങ്കിലും വിജയിക്കാൻ കഴിയാഞ്ഞത് ബ്ലാസ്റ്റേഴ്സിന് കനത്ത നിരാശയാണ് സമ്മാനിച്ചത്. ഇതേ നോർത്ത് ഈസ്റ്റിനെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയ ബെംഗളൂരു രണ്ടാം മത്സരത്തിൽ ഒഡീഷയ്ക്കെതിരെ ഞെട്ടിക്കുന്ന തോൽവി വഴങ്ങി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മുൻ ചാമ്പ്യന്മാരുടെ പരാജയം.
Post a Comment