വാഹനമോടിക്കുന്നവരുടെ നിയമലംഘനങ്ങൾ ഇനി പോലീസ് കാത്തുനിന്ന് പിടിക്കില്ല. വിവിധ കുറ്റകൃത്യങ്ങൾ ഒരുമിച്ച് കണ്ടെത്തി നോട്ടീസടച്ച് പിഴയീടാക്കാനായി മലപ്പുറം ജില്ലയിലെ പ്രധാനപാതകളിൽ പുത്തൻ ക്യാമറകൾ വരുന്നു. ജില്ലാതിർത്തിയായ കടവല്ലൂർ മുതൽ കോഴിക്കോട് ജില്ലാതിർത്തി വരെയുള്ള ഭാഗങ്ങളിലാണ് നാല് ക്യാമറകളടങ്ങുന്ന സംവിധാനം വരുന്നത്. കാലങ്ങളായി വാഹനങ്ങളുടെ അമിതവേഗം മാത്രം കണ്ടെത്താനുള്ള ക്യാമറകളാണ് ഈ പാതയോരങ്ങളിൽ സ്ഥാപിച്ചിരുന്നത്.
നിശ്ചയിച്ചതിൽ കൂടുതൽ വേഗത്തിൽ വാഹനങ്ങൾ ക്യാമറയുടെ താഴെ റോഡിൽ സ്ഥാപിച്ചിട്ടുള്ള സെൻസറിലൂടെ പോയാൽ ക്യാമറ പ്രവർത്തിക്കും. വാഹനത്തിന്റെ നമ്പർ പ്ലേറ്റടക്കമുള്ളവയുടെ ചിത്രം എറണാകുളത്തുള്ള കൺട്രോൾ റൂമിലെത്തിക്കുകയും ചെയ്യും. അതു പരിശോധിച്ച് ഉടമയ്ക്ക് നോട്ടീസയച്ച് പിഴയീടാക്കുകയാണ് പതിവ്. ഇനി അമിതവേഗം മാത്രമല്ല മറ്റ് നിയമലംഘനങ്ങളും ക്യാമറവഴി പിടികൂടാനാണ് നീക്കം.
മലപ്പുറം പോലീസ് മേധാവി നിയന്ത്രിക്കുന്ന കൺട്രോൾ റൂമിലെത്തുന്ന ചിത്രങ്ങൾ നോക്കി നിയമലംഘനം കണ്ടെത്തും. ഉടമകൾക്ക് നോട്ടീസ് അയച്ച് അടുത്തുള്ള പോലീസ്‌സ്റ്റേഷനിൽ പിഴയടപ്പിക്കും. തിരൂർ ഡിവൈ.എസ്.പി. നോഡൽ ഓഫീസറായുള്ള സംഘമാണ് ഇത് നിയന്ത്രിക്കുക. പോലീസസ്റ്റേഷനുകളിൽ പണത്തിനു പകരം ക്രെഡിറ്റ് കാർഡുകളുപയോഗിച്ച് സ്വൈപ്പിങ് ചെയ്യാനുള്ള സംവിധാനവും ഇതോടൊപ്പം നിലവിൽ വരും.


Post a Comment