2012 മെയ് നാലിന് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്ത് നിലച്ചുപോയ ഫോണ്‍ നമ്പറിന് എംഎല്‍എയുടെ ഔദ്യോഗിക നമ്പര്‍ എന്ന നിലയില്‍ ജീവന്‍ നല്‍കുമെന്ന് കെകെ രമ. കക്ഷി രാഷട്രീയ വ്യത്യാസമന്യെ സഹായത്തിന് ആരുവിളിച്ചാലും എടുക്കുമായിരുന്ന ഫോണ്‍ ടിപിയുടെ ഇടനെഞ്ചില്‍ വെട്ടേറ്റപ്പോഴാണ് നിലച്ചത്. വടകരക്കാര്‍ക്ക് സഹായത്തിനായി എംഎല്‍എയെ ടിപി ചന്ദ്രശേഖരന്റെ നമ്പരില്‍തന്നെ വിളിക്കാമെന്ന് രമ ഒരു ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രഖ്യാപിച്ചത്. നിയമസഭയില്‍ താന്‍ ടിപിയുടെ ശബ്ദമാകുമെന്ന് മുന്‍പ് തന്നെ വ്യക്തമാക്കിയ രമ ഇപ്പോള്‍ വടകരക്കാര്‍ക്ക് മുന്നിലും 9447933040 എന്ന നമ്പരിലൂടെ ടിപിയുടെ ശബ്ദമാകും.
0496 2512020 എന്ന ലാന്‍ഡ് ലൈന്‍ നമ്പരാണ് എംഎല്‍എയുടെ ഓഫീസിലുപയോഗിക്കുക. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ് കെകെ രമയുടെ പുതിയ ഓഫീസ് ഉദഘാടനം ചെയ്തത്. പ്രശ്ന പരിഹാരത്തിനായി ഓഫീസിലെത്താന്‍ സാധിക്കാത്തവര്‍ക്ക് വടകരയിലെ എല്ലാവര്‍ക്കും മനപാഠമായ ടിപിയുടെ നമ്പറില്‍ തന്നെ ബന്ധപ്പെടാമെന്ന് എംഎല്‍എ അറിയിച്ചു.


Post a Comment