കൊയിലാണ്ടി: പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ ഇച്ഛാശക്തിയോടെ വിവര സാങ്കേതിക വിദ്യയുടേയും കലയുടേയും സഹവര്‍ത്തികരുടേയും സാധ്യതകള്‍ ഉപയോഗപ്പെടുത്തി അടച്ചിടല്‍ കാലത്ത് മാതൃകാ വിദ്യാഭ്യാസം ഒരുക്കി പ്രധാനാധ്യാപകന്‍ ശശികുമാര്‍ പാലയ്ക്കല്‍ കാപ്പാട് ഗവ. മാപ്പിള യു.പി. സ്‌കൂളിന്റെ പടിയിറങ്ങി.
ഭിന്നശേഷിക്കാര്‍ ഉള്‍പ്പടെ മുഴുവന്‍ വിദ്യാര്‍ഥികളേയും ഓണ്‍ലൈന്‍ /ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ എത്തിച്ച് പി.ടി.എ., എസ്.എസ്.ജി, എസ്.എം.സി, സ്റ്റാഫ് കൗണ്‍സില്‍ സഹകരണത്തോടെ വ്യത്യസ്തവും ആകര്‍ഷകവും നിരന്തര മൂല്യ നിര്‍ണയാവസരമുള്ള നൂറോളം പഠന പരിപാടികളാണ് സ്‌കൂള്‍ ആവിഷ്‌ക്കരിച്ചത്.
കലാ രംഗത്തേയും മാധ്യമ രംഗത്തേയും ദീര്‍ഘകാല പ്രവര്‍ത്തന പരിചയമാണ് ശശിമാസ്റ്റര്‍ക്ക് ടീം കാപ്പാടിനെ നൂതന വഴിക്ക് നയിക്കാന്‍ പ്രാപ്തി നല്‍കിയത്. സ്വാതന്ത്ര്യ ദിനത്തില്‍ സ്‌കൂളില്‍ ആരംഭിച്ച ‘വിദ്യാദര്‍ശന്‍ ‘ ചാനലില്‍ പങ്കെടുത്ത് വിദ്യാഭ്യസ മന്ത്രി സി.രവീന്ദ്രനാഥ് ‘സ്‌കൂള്‍ പ്രവര്‍ത്തനം മാതൃകാപരവും അനുകരണീയവും എന്ന് വിശേഷിപ്പിച്ചത് പ്രചോദകമായി. അനശ്വരായ സാഹിത്യകാരന്‍ യു.എ.ഖാദര്‍, ഐ.എസ്.ആര്‍.ഒ. സീനിയര്‍ ശാസ്ത്രജ്ഞ ഡോ. എസ്. ഗീത, അമേരിക്കന്‍ സയന്റിസ്റ്റ് ഡോ. വിപിന്‍ ഗോപാല്‍, ഡോ.ഖദീജ മുംതാസ്, ഡോ.കല്പറ്റ നാരായണന്‍, ദേശീയ പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ്.പി.ഉദയ്കുമാര്‍, വി.എസ്.സി. ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡോ.ഹാരിഷ്, ഫോക്ലോറിസ്റ്റ് ഡോ.കോയ കാപ്പാട്, മന:ശാസ്ത്രജ്ഞന്‍ ഡോ.ഭാര്‍ഗ്ഗവന്‍ ,ജൈവ കര്‍ഷകന്‍ അബൂബക്കര്‍ ഹാജി ,വൈക്കം മുഹമ്മദ് ബഷീറിന്റെ മകള്‍ ഷാഹിന തുടങ്ങിയ 50 പ്രതിഭകള്‍ വ്യത്യസ്ത വേദികളില്‍ കുട്ടികളുമായി സംവദിച്ചു. ശശി മാസ്റ്ററുടെ സംവിധാനത്തില്‍ വിദ്യാര്‍ഥികള്‍ വീടുകളില്‍ ഒരുക്കിയ നിശ്ചല ചലന ദൃശ്യങ്ങളായ ‘ഇത്തിഹാദ് കിസബര്‍മതി ‘, ‘ഇമ്മിണി ബല്യൊന്ന് ‘ ഏറ്റവും ജനശ്രദ്ധ നേടി.
കേരള ഐ.ടി.വകുപ്പിന്റെ നിമ്പിള്‍ ഇ. 2. പാഠശാല, ഡയറ്റിന്റെ പഠനവിടവ് പൂരണ പദ്ധതി, കോഴിക്കോട് വിദ്യാഭ്യാസ സമിതിയുടെ ഓണ്‍ലൈന്‍ മാര്‍ഗ്ഗരേഖ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സഹായം എന്നിവ ടീം കാപ്പാടിന് ദിനാബോധം നല്‍കി. ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ ടി.വി യും പoനോപകരണവും നല്‍കുന്ന ‘ കൂടെ.. തണലായ് ‘ പദ്ധതിയും സ്‌കൂളില്‍ പ്രധാനാധ്യാപക നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പ്രകിയയുടെ കണ്ണി മുറിയാതെ വിദ്യാര്‍ഥികള്‍ക്കായി സര്‍ഗാത്മക വിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കി വിരമിക്കുന്ന പ്രധാനാധ്യാപകന് എച്ച്.എം ഫോറം, പി ടി.എ., സ്റ്റാഫ് യോഗം, വിദ്യാര്‍ഥി കൗണ്‍സില്‍ എന്നിവര്‍ യാത്രയയപ്പ് നല്‍കി. ബി.പി.സി. ഒ. ഗിരി ഉപഹാര സമര്‍പ്പണം നടത്തി.

Post a Comment