സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തും

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം സ്വകാര്യബസുകളിലും യാത്രചെയ്യാന്‍ ആളില്ലാത്തതിനാല്‍ സര്‍വ്വീസ് മെയ് 1 മുതല്‍ മുതല്‍ നിര്‍ത്തലാക്കുമെന്ന് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ മേഖലകള്‍ കണ്‍ടൈന്‍മെന്റ് സോണുകള്‍ ആക്കിയത് മൂലം സ്വകാര്യബസുകളില്‍ ജനം കയറുന്നില്ലെന്നും ബസുകളുടെ ലഭിക്കുന്ന വരുമാനം ദിവസ ചിലവിനു പോലും തികയാത്ത സാഹചര്യത്തിലാണ് മെയ് 1 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഫോം ജി (വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷ ) നല്‍കി നിര്‍ത്തലാക്കുവാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍, മെയ്, ജൂണ്‍ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട് എങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു തീരുമാനവും ഇല്ലാത്തത്തിനാലാണ് ബസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി തന്ന രീതിയില്‍ നിലവിലെ ക്വാര്‍ട്ടര്‍ ടാക്‌സ് കൂടി ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമേ കുറച്ചു ബസുകള്‍ക്കെങ്കിലും സര്‍വീസ് നടത്തുവാന്‍ സാധിക്കുകണ്ടയുള്ളു. നിലവിലെ ടാക്‌സ് അടക്കേണ്ട അവസാന തിയതി മെയ് 15 ആണ്. ഇതൊരു സമര തീരുമാനം അല്ലെന്നും ലാഭകരമായി സര്‍വീസ് നടത്തുവാന്‍ സാധിക്കുന്ന ബസുകള്‍ക്ക് സര്‍വീസ് നടത്തുന്നതിന് തടസ്സമില്ലെന്നും ആരെയും നിര്‍ബന്ധപൂര്‍വ്വം തടയില്ലെന്നും ടി ഗോപിനാഥന്‍ അറിയിച്ചു.

Post a Comment

Previous Post Next Post